മുംബൈ: മതത്തിന്റേ വേലിക്കെട്ടുകള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്ഥാനമില്ല. മതത്തിനും വിശ്വാസങ്ങള്‍ക്കുമപ്പുറം മികവിന് അനുസരിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ജനങ്ങള്‍ സ്‌നേഹിക്കുന്നത്. ഇന്ത്യക്കായി കളിക്കുന്ന എന്നതു തന്നെയാണ് താരങ്ങളെയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴില്‍ നിര്‍ത്തുന്ന ഘടകം.

എന്നാല്‍ കഴിഞ്ഞ ദിവസം ബി.സി.സി.ഐയുടെ ടീം തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ടീമില്‍ എന്തുകൊണ്ടു മുസ്‌ലിം കളിക്കാരില്ല എന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ സംശയം. 

ഈ ട്വീറ്റിന് ഉടനെത്തന്നെ മറുപടിയുമായി ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ് രംഗത്തെത്തി. എല്ലാ മതവും ഒന്നാണെന്നും ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ് എന്നിങ്ങനെ വേര്‍തിരിക്കുന്നതിന് മുമ്പ് എല്ലാ കളിക്കാരും ഇന്ത്യക്കാരാണെന്നുമായിരുന്നു ഭാജിയുടെ മറുപടി. 

ന്യൂസിലന്‍ഡിനെതിരായ ടിട്വന്റി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം ബി.സി.സി.ഐ തിരഞ്ഞെടുത്തിരുന്നു. ബാറ്റ്‌സ്മാനായ ശ്രേയസ് അയ്യരും ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജും പുതുതായി ടീമിലിടം നേടുകയും ചെയ്തു.