ഹൈദരാബാദ്: കോവിഡ് മൂലം ലോക കായികരംഗം തന്നെ താറുമാറായിക്കിടക്കുന്ന അവസരത്തിലും താരങ്ങളില്‍ പലരും പരിശീലനം മുടക്കാറില്ല. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും കോര്‍ട്ടിലെ തന്റെ പരിശീലനത്തിന് മുടക്കം വരുത്താത്ത കൂട്ടത്തിലാണ്.

എന്നാല്‍ കോര്‍ട്ടില്‍ സാനിയയെ സഹായിക്കുന്നതാരാണെന്നോ. മകന്‍ ഇഷാന്‍ മിര്‍സ മാലിക്. കോര്‍ട്ടില്‍ സെര്‍വ് പരിശീലിക്കുന്ന സാനിയക്ക് ബാസ്‌ക്കറ്റില്‍ നിന്ന് പന്തെടുത്ത് കൊടുക്കുന്നതെല്ലാം കുഞ്ഞ് ഇഷാനാണ്.

എന്നാല്‍ ഇഷാന്റെ വരവോടെ സാനിയയുടെ പരിശീലകനെന്ന തന്റെ സ്ഥാനം തെറിക്കുമോ എന്നാണ് സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സയുടെ ആശങ്ക. 

കോര്‍ട്ടില്‍ സാനിയയും മകനുമൊത്തുള്ള വീഡിയോ പങ്കുവെച്ച് ഇമ്രാന്‍ മിര്‍സ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചതാണിത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Imran Mirza (@imranmirza58)

മകന്റെ ജനനവുമായി ബന്ധപ്പെട്ട് 52 ആഴ്ചകളോളം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്ന ശേഷം കഴിഞ്ഞ ജനുവരിയിലാണ് സാനിയ കളത്തിലേക്ക് തിരിച്ചെത്തിയത്.

അതിനുശേഷം പങ്കെടുത്ത ആദ്യത്തെ ഡബിള്‍സ് ടൂര്‍ണമെന്റില്‍ തന്നെ കിരീടവും നേടി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള സാനിയയുടെ ആദ്യ കിരീടമായിരുന്നു ഇത്. 

മുന്‍പ് വിഷാദവുമായി പോരാടിയ കാര്യവും അടുത്തിടെ സാനിയ വെളിപ്പെടുത്തിയിരുന്നു. 2008 ബെയ്ജിങ് ഒളിമ്പിക്‌സിന്റെ ആദ്യ റൗണ്ടില്‍ പരിക്കേറ്റ് പിന്മാറേണ്ടിവന്ന ശേഷമായിരുന്നു അതെന്നും സാനിയ പറഞ്ഞിരുന്നു.

Content Highlights: Sania Mirza s father posted a video of his grandson Izhaan taking over his coaching duty