ഹൈദരാബാദ്:  ഗര്‍ഭകാലത്ത് ശരീരഭാരം കൂടിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഏറെ പരിഹാസങ്ങള്‍ കേട്ടിരുന്നു. ബേബി ഷവര്‍ ചടങ്ങിനെടുത്ത സാനിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു. അന്ന് 89 കിലോഗ്രാം ആയിരുന്നു സാനിയയുടെ ഭാരം.

എന്നാല്‍ കുഞ്ഞുണ്ടായതിന് ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ സാനിയ ഫിറ്റ്‌നെസ് വീണ്ടെടുത്തു. കഠിനപ്രയത്‌നത്തിലൂടെയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തിരിച്ചുവരവ്. ഇതോടെ ഭാരവും കുറഞ്ഞു. ഇപ്പോള്‍ 63 കിലോയാണ് സാനിയയുടെ ഭാരം. 

Read More: ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ തമ്മിലടി; അഞ്ചു താരങ്ങള്‍ക്ക് ഐസിസിയുടെ വിലക്ക്

കഴിഞ്ഞ ദിവസം സാനിയ ഈ ഭാരം കുറച്ചതിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 89 കിലോയും 63 കിലോയും ഭാരമുള്ളപ്പോഴുള്ള ചിത്രങ്ങളും സാനിയയുടെ ഈ പോസ്റ്റിലുണ്ടായിരുന്നു. മറ്റുള്ളവര്‍ ചിന്തിക്കുന്നതിനെ കുറിച്ച് വേവലാതിപ്പെടേണ്ടെന്നും നിങ്ങളുടെ സ്വപ്‌നങ്ങള്‍ പിന്തുടരൂ എന്നും സാനിയ പോസ്റ്റില്‍ പറയുന്നു.

'89 കിലോയില്‍ നിന്ന് 63 കിലോയിലേക്ക്. നമുക്കെല്ലാവര്‍ക്കും ലക്ഷ്യങ്ങളുണ്ടാകും. ചിലത് ഒരൊറ്റ ദിവസം നീണ്ടുനില്‍ക്കുന്നതും മറ്റു ചിലത് ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതും. അഭിമാനത്തോടെ ഓരോ ലക്ഷ്യവും നേടുക. എന്റെ ഒരു ലക്ഷ്യം ഞാന്‍ നാല് മാസത്തിനുള്ളില്‍ നേടിയെടുത്തു. ഒരു കുഞ്ഞുണ്ടായ ശേഷവും ഞാന്‍ ശാരീരികക്ഷമത വീണ്ടെടുത്തു. കഠിനപ്രയത്‌നത്തിലൂടെയാണ് ലക്ഷ്യത്തിലെത്തിയത്. നിങ്ങളുടെ സ്വപ്‌നങ്ങള്‍ പിന്തുടരൂ. മറ്റുള്ളവര്‍ ചിന്തിക്കുന്നതിനെ കുറിച്ച് വേവലാതിപ്പെടേണ്ട. ചിലര്‍ നിരുത്സാഹപ്പെടുത്തിയേക്കാം. അതിലൊന്നും അടിപതറേണ്ടതില്ല. കാരണം ഇതില്‍ എത്രപേര്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ നമുക്കൊപ്പം നില്‍ക്കുമെന്ന് ദൈവത്തിനറിയാം. എനിക്ക് ഇങ്ങനെ സാധിക്കുമെങ്കില്‍ എല്ലാവര്‍ക്കും സാധിക്കും.' സാനിയ വ്യക്തമാക്കുന്നു.

Content Highlights: Sania Mirza opens up about her journey from 89 kgs to 63 kgs