പുണെ: ഞായറാഴ്ച നടന്ന ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തെ അക്ഷരാര്‍ഥത്തില്‍ ആവേശത്തിലാക്കിയത് സാം കറന്‍ എന്ന യുവതാരത്തിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. 

ഒരു ഘട്ടത്തില്‍ ആറിന് 168 റണ്‍സെന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷ നല്‍കിയത് സാമിന്റെ ഇന്നിങ്‌സായിരുന്നു. 

ഏഴാം വിക്കറ്റില്‍ മോയിന്‍ അലിക്കൊപ്പം 32 റണ്‍സിന്റെയും എട്ടാം വിക്കറ്റില്‍ ആദില്‍ റഷീദിനൊപ്പം 57 റണ്‍സിന്റെയും ഒമ്പതാം വിക്കറ്റില്‍ മാര്‍ക്ക് വുഡിനൊപ്പം 60 റണ്‍സിന്റെയും കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയ സാം അവസാന നിമിഷം വരെ ഇന്ത്യയെ സമ്മര്‍ദത്തിലാക്കി. 

ഇപ്പോഴിതാ സാം കറന്റെ ഇന്നിങ്‌സില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ ഇന്നിങ്‌സുകളുടെ ഛായ ഉണ്ടായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍. 

83 പന്തില്‍ നിന്ന് മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 95 റണ്‍സെടുത്ത സാം കറന്‍ അവസാന ഓവര്‍ വരെ ഇന്ത്യന്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി. 

ധോനിയെ പോലെ ഒറ്റയ്ക്ക് മത്സരം അവസാനം വരെയെത്തിച്ച സാം കറന്റെ പ്രകടനം കണ്ടാണ് ആ ഇന്നിങ്‌സിന് ധോനിയുടെ ഇന്നിങ്‌സുകളുടെ ഛായയുണ്ടെന്ന് ബട്ട്‌ലര്‍ പറഞ്ഞത്. വരാനിരിക്കുന്ന ഐ.പി.എല്ലില്‍ ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് സാം കറന്‍. 

അതിനാല്‍ തന്നെ ഈ ഇന്നിങ്‌സിനെ കുറിച്ച് സാം ഉറപ്പായും ധോനിയുമായി സംസാരിക്കുമെന്നും ബട്ട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Sam Curran has shades of MS Dhoni says Jos Buttler