റാഞ്ചി: കോവിഡ്-19 മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക്ഡൗണിനിടയിലും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ല. ഇന്ത്യയുടെ കഴിഞ്ഞ ലോകകപ്പ് സെമിയിലെ പുറത്താകലിനു ശേഷം ധോനിയെ ആരും മത്സര ക്രിക്കറ്റിന്റെ പരിസരത്തു പോലും കണ്ടിട്ടില്ല.
ന്യൂസീലന്‍ഡിനോടേറ്റ ആ തോല്‍വി ഒരു വര്‍ഷത്തോടടുക്കെ ധോനി വിരമിച്ചെന്ന അഭ്യൂഹങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതികരണവുമായി അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി ധോനി തന്നെ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ട്വീറ്റ് വൈറലായതോടെ ഒരു മിനിറ്റിനു ശേഷം ട്വീറ്റ് നീക്കം ചെയ്തു.
'അത് അഭ്യൂഹങ്ങളാണ്! എനിക്ക് മനസിലാകും ലോക്ക്ഡൗണ്‍ ആളുകളെ മാനസികമായി സ്ഥിരതയില്ലാത്തവരാക്കിയിട്ടുണ്ട്', #ധോനിറിട്ടയേഴ്‌സ് എന്ന ഹാഷ്ടാഗിനൊപ്പമാണ് സാക്ഷി ട്വീറ്റ് ചെയ്തത്. വൈകാതെ അത് നീക്കം ചെയ്യുകയും ചെയ്തു.
ബുധനാഴ്ച വൈകീട്ട് ഇന്ത്യയില്‍ ട്വിറ്ററിലെ ടോപ് ട്രെന്‍ഡിങ്ങായ ഹാഷ്ടാഗായിരുന്നു #ധോനിറിട്ടയേഴ്‌സ്. മുന്‍പും ധോനിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങളോട് സാക്ഷി പ്രതികരിച്ചിട്ടുണ്ട്.
Content Highlights: Sakshi Singh Dhoni came up with a sharp response to rumours of MS Dhoni's retirement