ന്യൂഡല്‍ഹി: വീരേന്ദര്‍ സെവാഗിനെ ഇന്ത്യന്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് മാത്രമല്ല സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അജയ് രത്ര.

ഓപ്പണിങ് സ്ഥാനത്ത് മികച്ച ഫോമിലായിരുന്ന സമയത്തായിരുന്നിട്ട് പോലും സെവാഗിനു വേണ്ടി സച്ചിന്‍ തന്റെ ഓപ്പണര്‍ സ്ഥാനം ത്യജിച്ച് നാലാമത് ബാറ്റ് ചെയ്യാന്‍ തയ്യാറായെന്ന് രത്ര പറഞ്ഞു.

''ഓപ്പണര്‍ എന്ന നിലയില്‍ സച്ചിന്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന സമയമായിരുന്നു അത്. പക്ഷേ സെവാഗിനെ ഓപ്പണറാക്കണമായിരുന്നു. അതോടെ സച്ചിന്‍ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങാന്‍ സന്നദ്ധനായി. അതോടെ ഇടം കൈ - വലം കൈ കോമ്പിനേഷനു വേണ്ടി ദാദയ്‌ക്കൊപ്പം (സൗരവ് ഗാംഗുലി) സെവാഗ് ഓപ്പണറായി. സച്ചിന് അന്ന് ഇതിന് വിസമ്മതിച്ചിരുന്നുവെങ്കില്‍ സെവാഗിന്റെ സ്ഥാനം ബാറ്റിങ് നിരയില്‍ താഴെ ആയിരുന്നേനേ. ഏകദിനത്തില്‍ ഓപ്പണിങ്ങിന് ഇറങ്ങാനുള്ള അവസരവും ലഭിക്കില്ലായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ കഥ മറ്റൊന്നായേനേ.'' - ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ അജയ് രത്ര പറഞ്ഞു.

2001-ലാണ് സെവാഗിനെ ഓപ്പണറാക്കാനുള്ള ആശയം ഗാംഗുലി നടപ്പാക്കുന്നത്. ആ വര്‍ഷം ശ്രീലങ്കയും ന്യൂസീലന്‍ഡും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയിലായിരുന്നു അത്. പരിക്ക് കാരണം സച്ചിന്‍ മാറിനില്‍ക്കുന്ന സമയം. യുവ്‌രാജ് സിങ്ങിനെയും അമയ് കുറാസിയേയും ടോപ്പ് ഓര്‍ഡറില്‍ ഇറക്കിയുള്ള ഇന്ത്യയുടെ പരീക്ഷണം പരാജയപ്പെട്ടിരിക്കുന്ന സമയം കൂടിയായിരുന്നു അത്.

അങ്ങനെ 2001 ജൂലായ് 26-ന് ന്യൂസീലന്‍ഡിനെതിരേ നടന്ന മത്സരത്തില്‍ ഗാംഗുലി ആ ചൂതാട്ടത്തിന് തയ്യാറായി. ഏകദിനത്തില്‍ ആദ്യമായി സെവാഗിന് ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ചു. ആ മത്സരവും പക്ഷേ ഇന്ത്യ തോറ്റു. പക്ഷേ നജഫ്ഗഡില്‍ നിന്നുള്ള സെവാഗ് 54 പന്തില്‍ നിന്ന് 33 റണ്‍സെടുത്തു. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന സ്‌കോറായിരുന്നു അത്.

അടുത്ത രണ്ട് മത്സരത്തിലും സെവാഗ് പരാജയമായിരുന്നു. പക്ഷേ അടുത്ത മത്സരത്തില്‍ കിവീസിനെതിരേ 70 പന്തില്‍ നിന്ന് സെവാഗ് സെഞ്ചുറി നേടി. സെവാഗെന്ന ഓപ്പണറുടെ ജനനമായിരുന്നു അത്. സെവാഗിന്റെ അന്താരാഷ്ട്ര കരിയറിന്റെ പുനര്‍ജന്മവും. 

പക്ഷേ പരിക്ക് ദക്ഷിണാഫ്രിക്കയില്‍ നടന്ന അടുത്ത ത്രിരാഷ്ട്ര പരമ്പരയില്‍ മാറി സച്ചിന്‍ തിരിച്ചെത്തിയതോടെ ഇന്ത്യയ്ക്ക് വീണ്ടും തലവേദന. സെവാഗ് വീണ്ടും മധ്യനിരയിലേക്ക് മാറി. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആറ് ഏകദിനങ്ങളുടെ പരമ്പരയ്ക്കിടെ സെവാഗിനെ വീണ്ടും ഓപ്പണിങ് സ്ഥാനത്തേക്ക് കൊണ്ടുവന്നു. 51, 82, 42, 31 എന്നിങ്ങനെയായിരുന്നു അവിടെ സെവാഗിന്റെ സ്‌കോര്‍. ഓപ്പണറെന്ന നിലയില്‍ തന്റെ മികവ് കാണിച്ചുകൊടുക്കാന്‍ സംവാഗിന് അത് മതിയായിരുന്നു. 

ഈ സമയത്ത് സച്ചിനൊപ്പമായിരുന്നു സെവാഗ് ഓപ്പണ്‍ ചെയ്തത്. ഗാംഗുലി മൂന്നാം സ്ഥാനത്തും. സച്ചിനും ഗാംഗുലിയും ചേര്‍ന്നുള്ള 
ഇടംകൈ - വലംകൈ ഓപ്പണിങ് സഖ്യം കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യയ്ക്കായി അദ്ഭുതങ്ങള്‍ കാണിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. അതേ സഖ്യം തന്നെ അല്ലെങ്കിലും ഓപ്പണിങ്ങില്‍ ഇടംകൈ - വലംകൈ കോമ്പിനേഷന്‍ തുടരാന്‍ ഇന്ത്യ തീരുമാനിച്ചു. അതോടെ സച്ചിന്‍ സ്വയം നാലാം നമ്പറിലിറങ്ങാന്‍ തയ്യാറാകുകയായിരുന്നു. ആ തീരുമാനം ഫലം കണ്ടു. വീരു ഓപ്പണിങ് സ്ഥാനത്ത് മികച്ച പ്രകടനങ്ങളോടെ സ്ഥാനമുറപ്പിച്ചു. 

പിന്നാലെ നടന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ സച്ചിന്‍ നാലാമതായി ബാറ്റിങ് ആരംഭിച്ചു. ഗാംഗുലിക്കൊപ്പം സെവാഗ് ഓപ്പണറായി. 2002-ല്‍ ിംഗ്ലണ്ടില്‍ നടന്ന നാറ്റ്‌വെസ്റ്റ് ട്രോഫിയിലും ഇതേ കോമ്പിനേഷന്‍ തുടര്‍ന്നു. ലോര്‍ഡ്സില്‍ നടന്ന ഐതിഹാസിക ഫൈനലില്‍ ഇന്ത്യ ജേതാക്കളായി. പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയും നേടി. പിന്നീട് 2003 ലോകകപ്പിനു മുമ്പ് സച്ചിന്‍ ഓപ്പണിങ് സ്ഥാനത്തേക്ക് മടങ്ങിയെത്തി. അപ്പോഴും സെവാഗ് ഓപ്പണറായി തുടര്‍ന്നു.

Content Highlights: Sachin volunteered to bat at number 4 for Sehwag to open