മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ന് ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

രണ്ട് കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ഒരു നായയുടെ വീഡിയോയാണ് സച്ചിന്‍ പങ്കുവെച്ചത്. പന്ത് പിടിക്കുന്നതില്‍ അപാരമായ കഴിവുള്ളയാള്‍ എന്ന് കുറിച്ചാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു സുഹൃത്തില്‍ നിന്നാണ് തനിക്ക് ഈ വീഡിയോ കിട്ടിയതെന്നും സച്ചിന്‍ പറയുന്നു. 

വിക്കറ്റ് കീപ്പറുടെയും ഫീല്‍ഡറുടെയും ഇരട്ട വേഷത്തില്‍ മികച്ച പ്രകടനമാണ് നായ നടത്തുന്നത്. വിക്കറ്റിനു പിന്നില്‍ പന്ത് പിടിക്കാനും ബാറ്റര്‍ അടിച്ച പന്ത് എടുത്തുകൊണ്ടുവരാനും വളരെ വേഗത്തില്‍ നായക്ക് സാധിക്കുന്നുണ്ട്.

നമ്മള്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരെയും ഫീല്‍ഡര്‍മാരെയും ഓള്‍ റൗണ്ടര്‍മാരെയും കണ്ടിട്ടുണ്ട്, എന്നാല്‍ നിങ്ങള്‍ ഇതിന് എന്ത് പേരിടുമെന്നും സച്ചിന്‍ ചോദിക്കുന്നുണ്ട്.

ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്.

Content Highlights: sachin tendulkar took to twitter to share a viral video of a dog playing cricket