ഇസ്ലാമാബാദ്: 2003-ലെ ഇന്ത്യ - പാകിസ്താന്‍ മത്സരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ജീനിയസിന്റെ ബാറ്റിങ് പ്രകടനം കൊണ്ടാണ് ഇന്നും ക്രിക്കറ്റ്പ്രേമികള്‍ ഓര്‍ത്തിരിക്കുന്നത്. തന്നെ പിടിച്ചുകെട്ടുമെന്ന് മത്സരത്തിന്റെ തലേദിവസം വീമ്പിളക്കിയ ഷുഐബ് അക്തറിനെ തിരഞ്ഞ് പിടിച്ച് സച്ചിന്‍ പഞ്ഞിക്കിട്ടപ്പോള്‍ പിറന്നത് ലോകകപ്പിലെ തന്നെ എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു.
അന്ന് 98 റണ്‍സില്‍ നില്‍ക്കെ സച്ചിനെ പുറത്താക്കിയതും അക്തര്‍ തന്നെയായിരുന്നു. അന്ന് സച്ചിന് സെഞ്ചുറി നഷ്ടമായത് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയിരുന്നു. ഇപ്പോഴിതാ സച്ചിന്‍ അന്ന് സെഞ്ചുറി നേടാത്തതില്‍ തനിക്കും വിഷമമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അക്തര്‍. പാകിസ്താന്‍ ക്രിക്കറ്റ് ലേഖകന്‍ സാജ് സിദ്ധിഖാണ് ഇക്കാര്യം കുറിച്ചത്.
''2003 ലോകകപ്പില്‍ ഞങ്ങള്‍ക്കെതിരേ സച്ചിന്‍ 98 റണ്‍സിന് പുറത്തായപ്പോള്‍ ശരിക്കും ഞാന്‍ വിഷമിച്ചു. അതൊരു സ്‌പെഷല്‍ ഇന്നിങ്‌സായിരുന്നു. തീര്‍ച്ചയായും അദ്ദേഹം സെഞ്ചുറി എന്ന നേട്ടം സ്വന്തമാക്കേണ്ടതായിരുന്നു. സച്ചിന്‍ സെഞ്ചുറി നേടണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. സച്ചിനെ ഞാന്‍ പുറത്താക്കിയ ആ ബൗണ്‍സറില്‍ അദ്ദേഹം ഔട്ടായത് കാണുന്നതിനേക്കാള്‍ നേരത്തെ പറത്തിയതുപോലൊരു സിക്‌സ് അടിക്കുന്നതായിരുന്നു എനിക്ക് സന്തോഷം'', അക്തര്‍ പറഞ്ഞു.
2003 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ പാകിസ്താനെതിരേ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട് പാര്‍ക്കില്‍ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കാഴ്ചവെച്ച ആ തട്ടുപൊളിപ്പന്‍ ഇന്നിങ്സിന് പകരം വെയ്ക്കാന്‍ അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ഇന്നിങ്‌സ് ഇല്ല എന്നതാണ് സത്യം. വഖാന്‍ യൂനിസും വസീം അക്രമും ഷുഐബ് അക്തറും അബ്ദുള്‍ റസാഖും ഒന്നിച്ച ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് നിരയെ നിലംപരിശാക്കിയാണ് സച്ചിന്‍ അന്ന് 75 പന്തില്‍ നിന്ന് 98 റണ്‍സ് അടിച്ചുകൂട്ടിയത്.
ടോസ് നേടിയ പാക് ക്യാപ്റ്റന്‍ വഖാര്‍, ഇന്ത്യയ്ക്കെതിരേ ആദ്യ ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സയീദ് അന്‍വറിന്റെ സെഞ്ചുറി (101) മികവില്‍ നിശ്ചിത 50 ഓവറില്‍ ഏഴിന് 273 എന്ന മികച്ച സ്‌കോര്‍ തന്നെ പാകിസ്താന്‍ സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ ആ അഞ്ചടി അഞ്ചിഞ്ചുകാരനിലായിരുന്നു. ആദ്യ ഓവറില്‍ വസീം അക്രത്തെ ഉഗ്രന്‍ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറിയടിച്ചാണ് സച്ചിന്‍ തുടങ്ങിയത്. സച്ചിനെ താന്‍ പേടിക്കുന്നില്ലെന്നും ലോകകപ്പില്‍ അദ്ദേഹത്തെ വീഴ്ത്തുമെന്നും വീമ്പടിച്ച, വേഗം കൊണ്ട് റാവല്‍പിണ്ടി എക്സ്പ്രസ് എന്ന പേരു ലഭിച്ച ഷുഐബ് അക്തറാണ് രണ്ടാം ഓവര്‍ എറിയാനെത്തിയത്.
ഓവറിന്റെ നാലാം പന്തുമുതല്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. 150 കിലോമീറ്ററിലേറെ വേഗതയിലെത്തിയ അക്തറിന്റെ ബൗണ്‍സര്‍ ഉഗ്രനൊരു അപ്പര്‍കട്ടിലൂടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സിക്സറിന് പറത്തി. അതൊരു തുടക്കം മാത്രമായിരുന്നു. വീമ്പിളക്കിയ അക്തറിന്റെ അടുത്ത പന്ത് സ്‌ക്വയര്‍ ലെഗിലൂടെ ബൗണ്ടറിയിലേക്ക്. അവിടംകൊണ്ടും തീര്‍ന്നില്ല, അവസാന പന്ത് തന്റെ ട്രേഡ്മാര്‍ക്കായ ജെന്റില്‍ പുഷിലൂടെയും സച്ചിന്‍ ബൗണ്ടറിയിലെത്തിച്ചു. 18 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. അതോടെ ക്യാപ്റ്റന്‍ വഖാര്‍, അക്തറെ സച്ചിന്റെ ആക്രമണത്തില്‍ നിന്ന് മാറ്റിനിര്‍ത്തി. ആ സ്പെല്ലില്‍ വെറും ഒരോവര്‍ മാത്രമാണ് അക്തര്‍ എറിഞ്ഞത്.
അതിനിടെ 20-ാം ഓവറില്‍ ഷാഹിദ് അഫ്രിദിയെ ബൗണ്ടറിയടിച്ച് ഏകദിനത്തില്‍ 12000 റണ്‍സെന്ന നാഴികക്കല്ലും സച്ചിന്‍ പിന്നിട്ടു. വെറും 37 പന്തില്‍ നിന്നാണ് അന്ന് സച്ചിന്‍ അര്‍ധ സെഞ്ചുറിയിലെത്തിയത്. 16-ാം ഓവര്‍ മുതല്‍ അലട്ടിയ പേശിവലിവിനെ തുടര്‍ന്ന് മൈതാനത്ത് ഫിസിയോയുടെ സഹായം തേടിയെങ്കിലും തുടര്‍ന്ന് പലപ്പോഴും അത് സച്ചിനെ അലട്ടിക്കൊണ്ടിരുന്നു. ഓരോ ഷോട്ടുകള്‍ ഉതിര്‍ക്കുമ്പോഴും വേദനകൊണ്ട് പുളയുന്ന സച്ചിനെയാണ് പിന്നീട് കാണികള്‍ കണ്ടത്.
ഇന്ത്യ നാലിന് 177-ല്‍ നില്‍ക്കെ സച്ചിന്‍ റണ്ണറെ ആവശ്യപ്പെട്ടു. സെവാഗ് ക്രീസിലേക്ക്. സെഞ്ചുറിയിലേക്ക് വെറും രണ്ടു റണ്‍സ് മാത്രം അകലെയായിരുന്നു സച്ചിന്‍ അപ്പോള്‍. എന്നാല്‍ അക്തറിന്റെ ഷോര്‍ട്ട് ബോള്‍ പ്രതിരോധിക്കുന്നതില്‍ സച്ചിന് പിഴച്ചു. ഗ്ലൗവില്‍ തട്ടി ഉയര്‍ന്ന പന്ത് പോയന്റില്‍ ഒരു ഡൈവിലൂടെ യൂനിസ് ഖാന്‍ കൈക്കലാക്കി. 75 പന്തുകളില്‍ നിന്ന് ഒരു സിക്സും 12 ബൗണ്ടറികളുമടക്കം 98 റണ്‍സായിരുന്നു സച്ചിന്റെ സമ്പാദ്യം. ഏകദിന ചരിത്രത്തിലെ തന്നെ ഒരു ക്ലാസിക് ഇന്നിങ്സിന്റെ അവസാനമായിരുന്നു അത്.
സച്ചിന്‍ തെളിച്ച വഴിയിലൂടെ പിന്നീട് ദ്രാവിഡും (44*), യുവ് രാജ് സിങ്ങും (50*) ചേര്‍ന്ന് 45.4 ഓവറില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
Content Highlights: Sachin Tendulkar's Dismissal For 98 In 2003 World Cup Clash Made Shoaib Akhtar sad