2004-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയിലെ ടെസ്റ്റ് മത്സരത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നേടിയ 241 റണ്‍സ് ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായാണ് അറിയപ്പെടുന്നത്. ഫോം കണ്ടെത്താന്‍ ഏറെ വിഷമിച്ചിരുന്ന സച്ചിന്‍ ഈയൊരു ഇരട്ട സെഞ്ചുറിയിലൂടെ ആരാധകരുടെ മനം കവര്‍ന്നെന്നു മാത്രമല്ല ഓസിസിനെതിരെയുള്ള ടെസ്റ്റ് പരമ്പര സമനിലയിലാക്കുകയും ചെയ്തു. 

ഈ ഇരട്ട സെഞ്ചുറി നേടുന്നതിനുമുന്‍പ് സച്ചിന്‍ കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളില്‍ നേടിയ സ്‌കോറുകള്‍ 0,1,37,0,44 എന്നിങ്ങനെയായിരുന്നു. എന്നാല്‍ സിഡ്‌നിയിലെത്തിയതോടെ താരം ഫോം വീണ്ടെടുത്തു. ഫോം തിരിച്ചുപിടിക്കാനുള്ള കാരണം ഒരു പാട്ടാണെന്ന് സച്ചിന്‍ ഈയിടെ വെളിപ്പെടുത്തി.  ബ്രയാന്‍ ആഡംസിന്റെ 'സമ്മര്‍ ഓഫ് 69' എന്ന പാട്ടാണ് സച്ചിന് പ്രചോദനമായത്. 

'സിഡ്‌നിയില്‍ അന്ന് ഇരട്ടസെഞ്ചുറി നേടാന്‍ എന്നെ സഹായിച്ചത് ഈ പാട്ടാണ്. ടെസ്റ്റ് നടന്ന അഞ്ചുദിവസവും ഈ പാട്ട് മാത്രമാണ് ഞാന്‍ കേട്ടത്. ഗ്രൗണ്ടില്‍ പരിശീലനം നടത്തുമ്പോഴും ഹോട്ടല്‍ മുറിയിലും ഡ്രസ്സിങ് റൂമിലും ബാറ്റ് ചെയ്യാനിറങ്ങുമ്പോഴും ഭക്ഷണസമയത്തും ചായ കുടിക്കുമ്പോഴുമെല്ലാം ഈ പാട്ട് ഞാന്‍ കേട്ടു. ആ അഞ്ചുദിവസവും സമ്മര്‍ 69 മാത്രമായിരുന്നു എന്റെ മനസ്സില്‍'-സച്ചിന്‍ പറഞ്ഞു

2003-ല്‍ സൗത്ത് ആഫ്രിക്കയില്‍ വെച്ച് നടന്ന ലോകകപ്പിലും സച്ചിന്‍ ഇതുപോലെ ഒരു പാട്ടിനെ വല്ലാതെ സ്‌നേഹിച്ചിരുന്നു. അന്ന് ടൂര്‍ണമെന്റില്‍ 673 റണ്‍സാണ് താരം നേടിയത്. ലക്കി അലിയുടെ സുര്‍ എന്ന ആല്‍ബമായിരുന്നു അന്ന് സച്ചിനെ കീഴടക്കിയത്. 

Content Highlights: Sachin Tendulkar reveals he heard only one song for five days before his unbeaten 241 in Sydney