മുംബൈ: കളിച്ചിരുന്ന കാലത്ത് സച്ചിനെ ഭയന്നവരായിരുന്നു അക്കാലത്തെ മിക്ക ബൗളര്‍മാരും. സച്ചിനെതിരേ മാനസികാധിപത്യം നേടാന്‍ സ്ലെഡ്ജിങ് എന്ന ആശയം പുറത്തെടുത്തവരില്‍ വസീം അക്രവും ബ്രെറ്റ് ലീയും വഖാറും ഗ്ലെന്‍ മഗ്രാത്തുമെല്ലാം ഉണ്ട്. എന്നാല്‍ ഇതൊന്നും സച്ചിന്‍ കാര്യമാക്കാറുപോലുമില്ല.

കളിക്കളത്തില്‍ ആരോടും മാന്യതവിട്ട് പെരുമാറാത്ത വ്യക്തിയായിരുന്നു സച്ചിന്‍. ഇങ്ങോട്ട് വന്നാലും ആരോടും തിരിച്ച് ഒരു പ്രശ്‌നത്തിന് പോകാത്ത താരം. നാക്കായിരുന്നില്ല ബാറ്റായിരുന്നു സച്ചിനു വേണ്ടി മറുപടി നല്‍കിയിരുന്നത്. എന്നാല്‍ ഒരിക്കല്‍ മഗ്രാത്തിന്റെ താളംതെറ്റിക്കാന്‍ ബാറ്റിനൊപ്പം നാക്കും പുറത്തെടുത്ത കഥ തുറന്നുപറഞ്ഞിരിക്കുകയാണ് ലിറ്റില്‍ മാസ്റ്റര്‍.

ക്രിക്കറ്റ് ഡോട്ട്‌കോമിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് സച്ചിന്‍ അന്നത്തെ സംഭവം ഓര്‍ത്തെടുത്തത്. 2000-ല്‍ കെനിയയില്‍ നടന്ന ഐ.സി.സി നോക്കൗട്ട് ട്രോഫിയിലെ ഒരു മത്സരത്തിനിടെയായിരുന്നു ഇത്.

''2000-ല്‍ നെയ്‌റോബിയില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ഐ.സി.സി നോക്കൗട്ട് ട്രോഫി മത്സരം എനിക്ക് മറക്കാന്‍ സാധിക്കില്ല. ബാറ്റിങ് ഒട്ടും എളുപ്പമായ വിക്കറ്റായിരുന്നില്ല അത്. മഗ്രാത്ത് ആദ്യ ഓവര്‍ എറിഞ്ഞത് കണ്ടതോടെ ഞാന്‍ ഗാംഗുലിയുമായി സംസാരിച്ചു. മഗ്രാത്തിനെതിരേ ഞാന്‍ ആക്രമിച്ച് കളിക്കാം. കാരണം അങ്ങനെ എന്തെങ്കിലും ഞങ്ങള്‍ക്ക് ചെയ്യണമായിരുന്നു. അതോടൊപ്പം മഗ്രാത്തിനെ ഞാന്‍ സ്ലെഡ്ജ് ചെയ്യുകയും ചെയ്തു. അദ്ദേഹം ഞെട്ടിപ്പോയി. അതിനൊപ്പം അദ്ദേഹത്തിനെതിരേ ഷോട്ടുകളും കളിക്കാന്‍ തുടങ്ങി. ചില ഷോട്ടുകള്‍ റിസ്‌ക് നിറഞ്ഞതായിരുന്നു''- സച്ചിന്‍ പറഞ്ഞു.

''മഗ്രാത്തിനെ കൊണ്ട് ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞ് വിക്കറ്റിനായി ശ്രമിക്കുന്നതിനു പകരം എന്റെ ശരീരത്തിനു നേരെ എറിയിക്കാനായിരുന്നു ആ പ്ലാന്‍. ചില പന്തുകളില്‍ ഞങ്ങള്‍ക്ക് മറുപടിയുണ്ടായിരുന്നില്ലെങ്കിലും ഞങ്ങള്‍ വിചാരിച്ചിടത്തു തന്നെ പലപ്പോഴും മഗ്രാത്ത് പന്തെറിഞ്ഞു. ഞാന്‍ പെട്ടെന്ന് 38 റണ്‍സെടുത്തു. ഈ ആശയം മത്സരം ജയിക്കാനും സഹായിച്ചതോടെ ഞാന്‍ സന്തോഷവാനായി''- സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

അന്ന് സച്ചിന്റെ പ്ലാന്‍ ഫലിച്ചതോടെ ആദ്യ 10 ഓവറില്‍ ഇന്ത്യയ്ക്ക് വിക്കറ്റൊന്നും നഷ്ടപ്പെട്ടില്ല. 11.3 ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ 66 റണ്‍സുള്ളപ്പോഴാണ് 38 റണ്‍സുമായി സച്ചിന്‍ മടങ്ങുന്നത്. മൂന്നു ഫോറും മൂന്നു സിക്‌സും അതിനോടകം സച്ചിന്‍ അടിച്ചുകൂട്ടിയിരുന്നു.

മത്സരത്തില്‍ ഒമ്പത് ഓവറില്‍ 61 റണ്‍സ് വഴങ്ങിയ മഗ്രാത്തിന് വിക്കറ്റൊന്നും കിട്ടിയതുമില്ല. അരങ്ങേറ്റക്കാരന്‍ യുവ്‌രാജ് സിങ്ങിന്റെ 80 പന്തില്‍ 84 റണ്‍സിന്റെ മികവില്‍ ഇന്ത്യ 265 റണ്‍സെടുത്തു.

ഓവര്‍ റേറ്റ് കുറഞ്ഞതിന്റെ പേരില്‍ ഓസീസിന് രണ്ട് ഓവര്‍ പെനാല്‍റ്റി ലഭിച്ചു. 266 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് അവര്‍ക്ക് ലഭിച്ചത് 48 ഓവര്‍. 46.2 ഓവറില്‍ 245 റണ്‍സിന് ഓസീസ് ഇന്നിങ്‌സ് അവസാനിച്ചു. 20 റണ്‍സ് ജയത്തോടെ ഇന്ത്യ സെമി ഫൈനലില്‍ കടക്കുകയും ചെയ്തു.

Content Highlights: Sachin Tendulkar recalls how he unsettled Glenn McGrath in ICC Knockout in 2000