മുംബൈ: 2013-ല്‍ മത്സര ക്രിക്കറ്റിനോട് വിടപറഞ്ഞ ശേഷം ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ജ്യോതിഷത്തില്‍ ഒരു കൈ നോക്കിയോ? ഈ സംശയം വെറുതെയങ്ങ് തോന്നുന്നതല്ല. മാഞ്ചെസ്റ്ററില്‍ നടന്ന ഇംഗ്ലണ്ട്  - വെസ്റ്റിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഫലം സച്ചിന്‍ കൃത്യമായി പ്രവചിച്ചിരുന്നു. മുംബൈ താരം സൂര്യകുമാര്‍ യാദവാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

ടെസ്റ്റിന്റെ അവസാന ദിനമായിരുന്ന തിങ്കളാഴ്ച രാവിലെ സച്ചിനുമായി സംസാരിച്ചിരുന്നുവെന്നും ഇംഗ്ലണ്ട് വിന്‍ഡീസിനു മുന്നില്‍ ഏതാണ്ട് 300 റണ്‍സ് വിജയലക്ഷ്യം വെക്കുമെന്നും ടെസ്റ്റ് ജയിക്കുമെന്നും സച്ചിന്‍ പറഞ്ഞതായാണ് സൂര്യകുമാര്‍ യാദവിന്റെ ട്വീറ്റ്. മത്സരം അവസാനിച്ച തിങ്കളാഴ്ച രാവിലെയാണ് സൂര്യകുമാര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. അഞ്ചാം ദിവസത്തെ അവസാന സെഷനിലാണ് ഇംഗ്ലണ്ട് വിജയം കുറിച്ചത്.

'ഇന്നു രാവിലെ സച്ചിന്‍ പാജിയുമായി ഇംഗ്ലണ്ട്  വെസ്റ്റിന്‍ഡീസ് ടെസ്റ്റ് മത്സരത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഈ ടെസ്റ്റ് അങ്ങനെ കഴിഞ്ഞിട്ടില്ലെന്നും 300 റണ്‍സിനടുത്ത് വിജയലക്ഷ്യം കുറിച്ച് ഇംഗ്ലണ്ട് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സരം രക്ഷിച്ചെടുക്കണമെങ്കില്‍ വിന്‍ഡീസിന് അവരുടെ കഴിവു മുഴുവന്‍ പുറത്തെടുക്കേണ്ടി വരും.' - സൂര്യകുമാര്‍ ട്വീറ്റ് ചെയ്തു. താന്‍ പറയുന്നത് ചില സമയത്ത് ശരിയാകാറുണ്ടെന്ന് സച്ചിന്‍ ഈ ട്വീറ്റിന് മറുപടിയായി കുറിച്ചിട്ടുണ്ട്.

sachin tendulkar predicted englands win over west indies says surya kumar yadav

സച്ചിന്‍ പറഞ്ഞതു പോലെ തന്നെ ഇംഗ്ലണ്ട് 312 റണ്‍സെന്ന വിജയലക്ഷ്യം ഉയര്‍ത്തുകയും ടെസ്റ്റ് വിജയിക്കുകയും ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 198 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ടിന് 113 റണ്‍സ് ജയം. മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇതോടെ 1-1 എന്ന നിലയിലായി.

Content Highlights: sachin tendulkar predicted englands win over west indies says surya kumar yadav