റായ്പുര്‍: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്‍ഡ്‌സിനുവേണ്ടി കളിക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഒരു വീഡിയോ വൈറലാകുന്നു. മത്സരത്തിനുമുന്‍പായി കോവിഡ് ടെസ്റ്റ് നടത്തുന്നതിനിടെ ചെറിയൊരു കുസൃതി ഒപ്പിച്ചാണ് സച്ചിന്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.

മത്സരത്തിനുമുന്‍പായി ഹോട്ടലില്‍ കോവിഡ് ടെസ്റ്റിന് വിധേയനായ സച്ചിന്‍ മെഡിക്കല്‍ സ്റ്റാഫിനെയാണ് പറ്റിച്ചത്. മൂക്കില്‍ നിന്നും സ്രവമെടുക്കുന്നതിനിടേ ഒച്ചവെച്ച് വേദനിച്ചുവെന്ന് സച്ചിന്‍ പറഞ്ഞു. ഇതുകേട്ട മെഡിക്കല്‍ സ്റ്റാഫ് ചെറുതായി പേടിച്ചെങ്കിലും പിന്നാലെ വിടര്‍ന്ന പുഞ്ചിരി സമ്മാനിച്ച് സച്ചിന്‍ ഏവരെയും സന്തോഷിപ്പിച്ചു.

ഈ വീഡിയോ സച്ചിന്‍ തന്നെ ഇന്‍സ്റ്റഗ്രീമിലൂടെ ഷെയര്‍ ചെയ്തു. 'ഞാന്‍ 200 ടെസ്റ്റുകളും 277 കോവിഡ് ടെസ്റ്റുകളും നേരിട്ടിട്ടുണ്ട്. ഞങ്ങളെ സഹായിച്ച മെഡിക്കല്‍ സംഘത്തിന് നന്ദി'-സച്ചിന്‍ കുറിച്ചു.

ഇന്ത്യന്‍ ലെജെന്‍ഡ്‌സിന്റെ നായകനായ സച്ചിന്‍ ആദ്യ മത്സരത്തില്‍ തന്നെ ടീമിന് വിജയം സമ്മാനിച്ചിരുന്നു. ബംഗ്ലാദേശിനെതിരേ പത്തുവിക്കറ്റിന്റെ വിജയമാണ് ലെജന്‍ഡ്‌സ് നേടിയത്. ഇന്ന് ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെതിരേയാണ് ടീമിന്റെ മത്സരം.

Content Highlights: Sachin Tendulkar Pranks Medical Staff During Covid Test