മുംബൈ: ജീവിതത്തിൽ ആദ്യമായി വാങ്ങിയ വാഹനം എല്ലാവർക്കും പ്രിയപ്പെട്ടതാകും. അതിലെ ആദ്യ യാത്രയും ഒരിക്കലും മറക്കാനാകില്ല. എന്നാൽ ആ വാഹനം ഏതെങ്കിലും സമയത്ത് വിൽക്കേണ്ടി വന്നാൽ പിന്നീട് ചിലപ്പോൾ ഭയങ്കര നഷ്ടബോധം തോന്നിയേക്കാം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും ഇപ്പോൾ അങ്ങനെയൊരു അവസ്ഥയിലാണ്. ഒരു അഭിമുഖത്തിനിടെ തന്റെ ആദ്യവാഹനം കണ്ടെത്താൻ സഹായിക്കുമോ എന്ന് ചോദിച്ചിരിക്കുകയാണ് സച്ചിൻ.

'എന്റെ ആദ്യത്തെ കാർ ഒരു മാരുതി 800 ആയിരുന്നു. പക്ഷേ ഇന്ന് അത് എന്റെ കൈയിലില്ല. ആ കാർ ഇപ്പോൾ തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ട്. ആ കാറിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ എന്നെ അറിയിക്കണം.' സച്ചിൻ പറയുന്നു.

കാറുകളോടുള്ള തന്റെ അഭിനിവേശത്തെ കുറിച്ചും കാറുകളുടെ ശേഖരത്തെ കുറിച്ചുമെല്ലാം സച്ചിൻ അഭിമുഖത്തിൽ പറയുന്നുണ്ട്. കുട്ടിക്കാലത്ത് ബാന്ദ്രയിലെ തന്റെ വീടിന്റെ ബാൽക്കണിയിൽ നിന്ന് സഹോദരനോടൊപ്പം മണിക്കൂറുകളോളം തെരുവിലെ വിദേശ കാറുകളെ നോക്കിനിന്നിരുന്നതും അദ്ദേഹം ഓർക്കുന്നു.

'ഞങ്ങളുടെ വീടിന് സമീപം ഒരു വലിയ ഓപ്പൺ ഡ്രൈവ് ഇൻ മൂവി ഹാൾ ഉണ്ടായിരുന്നു. അവിടെ ആളുകൾ അവരുടെ കാറുകൾ പാർക്ക് ചെയ്യുകയും അതിൽ ഇരുന്ന് സിനിമ കാണുകയും ചെയ്തിരുന്നു. ആ സമയത്ത് ഞാൻ ചേട്ടനോടൊപ്പം ഞങ്ങൾ ബാൽക്കണിയിൽ ഇരുന്ന് മണിക്കൂറുകളോളം ആ കാറുകൾ കാണാറുണ്ടായിരുന്നു.' സച്ചിൻ അഭിമുഖത്തിൽ പറയുന്നു.

ബിഎംഡബ്ല്യുവിന്റെ ബ്രാൻഡ് അംബാസിഡറായ സച്ചിന്റെ ഗാരേജിൽ കാറുകളുടെ വ്യത്യസ്ത ശേഖരമുണ്ട്. ക്രിക്കറ്റിലെ ഇതിഹാസതാരം ബ്രാഡ്മാന്റെ 29 സെഞ്ചുറിക്കൊപ്പം സച്ചിൻ തന്റെ പേര് കൂടി ചേർത്തുവെച്ചപ്പോൾ ഫെരാരി അദ്ദേഹത്തിന് ഒരു കാർ സമ്മാനമായി നൽകിയിരുന്നു. തുടർന്ന് നിരവധി ആഡംബര കാറുകൾ സച്ചിൻ സ്വന്തമാക്കി.

content highlights: Sachin Tendulkar misses his first car a Maruti 800 asks fans to find owner