ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റിലെ ബാറ്റിങ് റെക്കോഡുകളിൽ ഒട്ടുമിക്കതും ഇന്ത്യയുടെ സച്ചിൻ തെണ്ടുൽക്കറുടെ പേരിലാണ്. 100 രാജ്യാന്തര സെഞ്ചുറികളെന്ന സച്ചിന്റ റെക്കോഡിന് അടുത്തുപോലും ആരും തന്നെയില്ല. എന്നാൽ ക്രിക്കറ്റിലെ ഡബിൾ സെഞ്ചുറികളുടെയും ട്രിപ്പിൾ സെഞ്ചുറികളുടെയും കണക്കെടുത്താൻ സ്ഥിതി മറിച്ചാണ്.

ടെസ്റ്റിലെ ഡബിൾ സെഞ്ചുറികളുടെ എണ്ണത്തിൽ 12-ാം സ്ഥാനത്താണ് സച്ചിൻ. മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മാർവൻ അട്ടപ്പട്ടു, മുൻ പാക് ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്, യൂനിസ് ഖാൻ, മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്, ഇന്ത്യൻ താരം വീരേന്ദർ സെവാഗ് എന്നിവർക്കൊപ്പം സച്ചിനും ടെസ്റ്റിൽ ആറു ഡബിൾ സെഞ്ചുറികളാണുള്ളത്. എന്നാൽ 200 ടെസ്റ്റ് കളിച്ച താരമാണ് സച്ചിനെന്ന കാര്യം മറന്നുകൂടാ.

ഇപ്പോഴിതാ ഇക്കാര്യത്തിൽ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ കപിൽ ദേവ്.

എങ്ങനെ സെഞ്ചുറികൾ നേടാമെന്ന് സച്ചിന് അറിയാമായിരുന്നു, പക്ഷേ അവ ഡബിളും ട്രിപ്പിളുമാക്കി മാറ്റുന്നതെങ്ങിനെയെന്ന കാര്യത്തിൽ അദ്ദേഹത്തിന് വലിയ ധാരണയില്ലായിരുന്നുവെന്നും കപിൽ പറഞ്ഞു.

''സച്ചിനോളം പ്രതിഭയുള്ള മറ്റൊരു താരത്തെയും ഞാൻ കണ്ടിട്ടില്ല. എങ്ങനെ സെഞ്ചുറികൾ നേടാമെന്ന് സച്ചിന് അറിയാമായിരുന്നു എന്നാൽ അദ്ദേഹം ഒരിക്കലും ആക്രമണകാരിയായ ഒരു ബാറ്റ്സ്മാനായി മാറിയിരുന്നില്ല. ക്രിക്കറ്റിലെ എല്ലാം തന്നെ സച്ചിൻ സ്വന്തമാക്കിയിരുന്നു. എങ്ങനെ സെഞ്ചുറികൾ നേടാമെന്ന് അവനറിയാം, പക്ഷേ അവ എങ്ങനെ ഡബിളും ട്രിപ്പിളുമാക്കി മാറ്റാമെന്ന കാര്യം അറിയില്ലായിരുന്നു.'' - മുൻ ഇന്ത്യൻ താരവും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നിലവിലെ ക്യാപ്റ്റനായ ഡബ്ല്യു.വി രാമനുമൊത്തുള്ള ഒരു അഭിമുഖത്തിൽ കപിൽ പറഞ്ഞു.

സച്ചിനുണ്ടായിരുന്ന കഴിവനുസരിച്ച് അദ്ദേഹം അഞ്ച് ട്രിപ്പിൾ സെഞ്ചുറികളെങ്കിലും നേടേണ്ട താരമായിരുന്നുവെന്നും കപിൽ അഭിപ്രായപ്പെട്ടു. 10 ഇരട്ട സെഞ്ചുറികളും കൂടി സച്ചിൻ നേടേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സച്ചിന്റെ പേരിൽ ഒരു ട്രിപ്പിൾ സെഞ്ചുറി പോലുമില്ല.

ടെസ്റ്റിൽ സച്ചിൻ 51 സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും കന്നി ഡബിൾ സെഞ്ചുറിക്കായി 10 വർഷമാണ് അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നത്. 1999-ൽ ഹൈദരാബാദിൽ ന്യൂസീലൻഡിനെതിരേ നടന്ന ടെസ്റ്റിലാണ് സച്ചിന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി പിറക്കുന്നത്. മാത്രമല്ല ടെസ്റ്റിലെ 51 സെഞ്ചുറികളിൽ 20 എണ്ണത്തിൽ മാത്രമാണ് അദ്ദേഹത്തിന് 150 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചത്. എന്നാൽ ഏകദിനത്തിന്റെ ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ചുറി സച്ചിന്റെ പേരിലാണ്. 2010-ൽ ഗ്വാളിയോറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു സച്ചിന്റെ ഈ നേട്ടം.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയാണ് നിലവിൽ ടെസ്റ്റിൽ കൂടുതൽ ഇരട്ട സെഞ്ചുറികൾ (7) നേടിയ ഇന്ത്യൻ താരം. വീരേന്ദർ സെവാഗും (2) കരുൺ നായരുമാണ് ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങൾ.

Content Highlights: Sachin Tendulkar didn’ t know how to convert hundreds into 200s and 300s says Kapil Dev