ജീവിതത്തില്‍ വിജയിച്ചവരില്‍ പലരും കുട്ടിക്കാലത്ത് പഠിക്കാന്‍ മോശമായവരായിരുന്നു. ക്ലാസ് മുറിക്കുള്ളിലുള്ളത് മാത്രമല്ല വിദ്യാഭ്യാസമെന്നതിനുള്ള തെളിവാണ് ഈ വിജയങ്ങളെല്ലാം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിജയവും അങ്ങിനെത്തന്നെയായിരുന്നു.

ഈ ഫീല്‍ഡില്‍ എനിക്ക് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല എന്ന കുറിപ്പോടെ സച്ചിന്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. കുട്ടിക്കാലത്ത് പുസ്തകം വായിക്കുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തോടൊപ്പമാണ് സച്ചിന്‍ താന്‍ പഠനത്തിന്റെ കാര്യത്തില്‍ പിന്‍ബെഞ്ചിലായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. 

നേരത്തെ അധ്യാപക ദിനത്തില്‍ സച്ചിന്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. തന്നെ വിജയത്തിലേക്ക് നയിച്ച ഗുരു രമാകാന്ത് അച്ഛരേക്കര്‍ക്കും ചേട്ടന്‍ അജിത് തെണ്ടുല്‍ക്കര്‍ക്കുമായിരുന്നു സച്ചിന്‍ ആ വീഡിയോ സമര്‍പ്പിച്ചത്.