റായപുര്‍: മാര്‍ച്ച് 16, ഇന്നേക്ക് കൃത്യം ഒമ്പത് വര്‍ഷം മുമ്പാണ് രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയത്. 

ക്രിക്കറ്റിലെ ആ അപൂര്‍വ നേട്ടത്തിന്റെ ഒമ്പതാം വാര്‍ഷികമായിരുന്നു ചൊവ്വാഴ്ച. മിര്‍പുരില്‍ 2012 മാര്‍ച്ച് 16-ന് ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ലിറ്റില്‍ മാസ്റ്റര്‍ ആ വലിയ റെക്കോഡ് സ്വന്തം പേരിലാക്കിയത്. 

ഇപ്പോള്‍ റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിനായി ഇന്ത്യ ലെജന്റ്‌സ് ടീമിനൊപ്പമാണ് സച്ചിനുള്ളത്. ഇത്തവണ സെഞ്ചുറികളില്‍ സെഞ്ചുറിയുടെ ഒമ്പതാം വാര്‍ഷികം റായ്പുരില്‍ ഇന്ത്യ ലെജന്റ്‌സ് ടീം അംഗങ്ങള്‍ക്കൊപ്പം സച്ചിന്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. 

സച്ചിന്റെ ആഘോഷത്തിന്റെ വീഡിയോ മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

മിര്‍പുരില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 147 പന്തുകള്‍ നേരിട്ട സച്ചിന്‍ 114 റണ്‍സെടുത്തു. ഏകദിനത്തില്‍ സച്ചിന്റെ 49-ാം സെഞ്ചുറിയായിരുന്നു ഇത്. ടെസ്റ്റില്‍ 51 സെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറികളുടെ റെക്കോഡ് ഇപ്പോഴും സച്ചിന്റെ പേരില്‍ തന്നെയാണ് (100). 71 സെഞ്ചുറികളുമായി മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങാണ് രണ്ടാമത്. 70 സെഞ്ചുറികളുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പിന്നാലെയുണ്ട്. 

Content Highlights: Sachin Tendulkar celebrate 9th anniversary of his 100 hundreds