മുംബൈ: ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് കഴിഞ്ഞ ദിവസം അത്ര പെട്ടെന്ന് മറക്കാനൊക്കുമോ? ഒരു കാലത്ത് മനസിലിട്ട് ആരാധിച്ചിരുന്ന താരങ്ങള്‍ വീണ്ടും ഒരിക്കല്‍ കൂടി ക്രിക്കറ്റ് മൈതാനത്ത് ആരവങ്ങള്‍ തീര്‍ക്കാനിറങ്ങിയ ദിവസം. 

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ലെജന്‍ഡ്‌സും വെസ്റ്റിന്‍ഡീസ് ലെജന്‍ഡ്‌സും ഏറ്റുമുട്ടിയ മത്സരം കാണികള്‍ക്ക് വിരുന്നായിരുന്നു. എന്നാല്‍ മുംബൈ വാംഖഡെ സ്‌റ്റേഡിയം അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിച്ചത് സച്ചിന്‍ തെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും ഒന്നിച്ച് ക്രീസിലെത്തിയപ്പോഴായിരുന്നു.

Sachin, Sehwag opening partners at Wankhede legends reunite

2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം ആദ്യമായാണ് ഈ ജോഡി വാംഖഡെയുടെ മണ്ണിലെത്തിയത്. സച്ചിനെത്തിയതോടെ സ്‌റ്റേഡിയം പ്രസിദ്ധമായ സച്ചിന്‍... സച്ചിന്‍... വിളികളാല്‍ നിറഞ്ഞു.

തന്റെ സ്വതസിദ്ധമായ ആക്രമണം പുറത്തെടുത്ത സെവാഗ് കാണികള്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കുകയും ചെയ്തു.

മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ലെജന്‍ഡ്‌സിനെ ഇന്ത്യ ലെജന്‍ഡ്‌സ് ഏഴു വിക്കറ്റിന് തകര്‍ത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

57 പന്തില്‍ 11 ബൗണ്ടറികളോടെ 74 റണ്‍സെടുത്ത സെവാഗാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 29 പന്തുകള്‍ നേരിട്ട സച്ചിന്‍ ഏഴു ബൗണ്ടറികളടക്കം 36 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 83 റണ്‍സ് ചേര്‍ത്തു.

Content Highlights: Sachin, Sehwag opening partners at Wankhede legends reunite