കൊൽക്കത്ത: കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ പ്രസിഡന്റും ഇന്ത്യയുടെ മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി തന്റെ 48-ാം പിറന്നാൾ ആഘോഷിച്ചത്. ഗാംഗുലിക്ക് ആശംസ അറിയിച്ച് സോഷ്യൽ മീഡിയയിലും നിരവധി പോസ്റ്റുകൾ വന്നു. മുൻ ക്രിക്കറ്റ് താരങ്ങളടക്കം നിരവധി പ്രശസ്തരാണ് ദാദയ്ക്ക് ആശംസ നേർന്നത്.

ആ ആശംസയുടെ കൂട്ടത്തിൽ ഒരാളുടെ ട്വീറ്റ് മാത്രം ആരാധകർ ആഘോഷിക്കുകയാണ്. വർഷങ്ങൾക്കു മുമ്പ് ഗാംഗുലിയുടെ കാമുകിയെന്ന പേരിൽ ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിരുന്ന നടി നഗ്മയുടെ ട്വീറ്റാണ് ആരാധകർ ഏറ്റെടുത്തത്. ഒറ്റവരിയിലെഴുതിയ നഗ്മയുടെ ആശംസയ്ക്ക് പിന്നാലെ ട്രോളുകളും നിറഞ്ഞു.

ക്രിക്കറ്റ് താരങ്ങളും നടിമാരും തമ്മിലുള്ള പ്രണയം ഇന്ത്യയിൽ സാധാരണമാണ്. അക്കൂട്ടത്തിൽ ഒന്നായിരുന്നു ഗാംഗുലി-നഗ്മ പ്രണയവും. ഗാംഗുലിയുമായുള്ള ബന്ധം ശരിവെയ്ക്കുന്ന രീതിയിൽ ഒരു അഭിമുഖത്തിൽ നഗ്മ പ്രതികരിച്ചിട്ടുമുണ്ട്. ഗാംഗുലിയുമായുള്ള ബന്ധം നിഷേധിക്കുന്നില്ലെന്നും ഗാംഗുലിയുടെ കരിയറിനെ ബാധിക്കുമെന്ന ഘട്ടത്തിലാണ് ബന്ധം പിരിഞ്ഞതെന്നും നഗ്മ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇരുവരും പ്രണയത്തിലായിരുന്ന സമയത്ത് ഗാംഗുലി കരിയറിൽ മോശം അവസ്ഥയിലൂടെയാണ് കടന്നുപോയിരുന്നത്.

ഗാംഗുലി പിന്നീട് തന്റെ ബാല്യകാല സുഹൃത്തു കൂടിയായ ഡോണയെ വിവാഹം ചെയ്തു. 1997 ഫെബ്രുവരി 21-നായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവർക്കും സന എന്നു പേരുള്ള ഒരു മകളുണ്ട്. അതേസമയം നഗ്മ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല. കോൺഗ്രസിൽ ചേർന്ന് നഗ്മ രാഷ്ട്രീയ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

 

Content Highlights: rumoured girlfriend Nagma wished Sourav Ganguly on his birthday