വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലെ വിജയം ന്യൂസീലന്‍ഡ് ടീമിനും വെറ്ററന്‍ താരം റോസ് ടെയ്‌ലര്‍ക്കും ഇരട്ടിമധുരം നല്‍കുന്നതാണ്. റോസ് ടെയ്‌ലര്‍ തന്റെ നൂറാം ടെസ്റ്റാണ് കളിച്ചതെങ്കില്‍ ന്യൂസീലന്‍ഡ് ടെസ്റ്റില്‍ 100 വിജയങ്ങള്‍ പൂര്‍ത്തിയാക്കി. ഇതോടെ ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ രാജ്യമെന്ന റെക്കോഡും ന്യൂസീലന്‍ഡ് ടീം സ്വന്തമാക്കി. അതേസമയം ടെസ്റ്റിലും ട്വന്റി-20യിലും ഏകദിനത്തിലും 100 മത്സരം പൂര്‍ത്തിയാക്കിയ റോസ് ടെയ്‌ലര്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമായി. 

ടെയ്‌ലറുടെ ചരിത്രനേട്ടത്തിന് ഇന്ത്യക്കെതിരായ ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പേ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ഒരു സമ്മാനം കരുതിവെച്ചിരുന്നു. 100 കുപ്പി വൈന്‍. എന്നാല്‍ ടെയ്‌ലര്‍ ഒറ്റയ്ക്ക് ഇതെല്ലാം എങ്ങനെ കുടിച്ചുതീര്‍ക്കാനാണ്. ഒടുവില്‍ ടീമംഗങ്ങള്‍ ടെയ്‌ലറുടെ സഹായത്തിനെത്തി. ഇക്കാര്യം കിവീസ് താരം തന്നെയാണ് വെളിപ്പെടുത്തിയത്.

'ഒരു കുപ്പി കഴിഞ്ഞു, ഇനി 99 എണ്ണം ബാക്കിയുണ്ട്‌. ടീമംഗങ്ങളെല്ലാവരും സഹായിച്ചു. വെല്ലിങ്ടണിലെ ടെസ്റ്റ് വിജയം വളരെ പ്രത്യേകത നിറഞ്ഞതാണ്.' ഒരു വൈന്‍ കുപ്പി പിടിച്ചുനില്‍ക്കുന്ന ചിത്രത്തോടൊപ്പം ടെയ്‌ലര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ടെസ്റ്റില്‍ നൂറു മത്സരം പൂര്‍ത്തിയാക്കുന്ന നാലാമത്തെ ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാനെന്ന റെക്കോഡും വെല്ലിങ്ടണില്‍ ടെയ്‌ലര്‍ സ്വന്തംപേരിനൊപ്പം ചേര്‍ത്തു. ഇതിന് മുമ്പ് സ്റ്റീഫന്‍ ഫ്‌ളെമിങ്, ഡാനിയല്‍ വെട്ടോറി, ബ്രണ്ടന്‍ മക്കല്ലം എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യക്കെതിരായ ടെസ്റ്റില്‍ ഒന്നര ദിവസം ശേഷിക്കെ പത്ത് വിക്കറ്റിനായിരുന്നു ന്യൂസീലന്‍ഡിന്റെ വിജയം.

Content Highlights: Ross Taylor celebrates Wellington Test win 100 bottles of wine