മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹൽ കഴിഞ്ഞ ദിവസം തന്റെ വിവാഹനിശ്ചയ വാർത്ത പുറത്തുവിട്ടിരുന്നു. ഡോക്ടറും നർത്തകിയും യു ട്യൂബറുമായ ധനശ്രീ വർമയാണ് ചാഹലിന്റെ ജീവിതപങ്കാളിയാകുന്നത്. ധനശ്രീയോടൊപ്പമുള്ള ചിത്രങ്ങളും തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ചാഹൽ പങ്കുവെച്ചു. ഇതിനു പിന്നാലെ താരത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മുൻതാരം വീരേന്ദർ സെവാഗും ഇന്ത്യൻ ടീമിലെ സഹതാരം രോഹിത് ശർമയും.

ദുരന്തസമയം അവസരമായി എടുത്തു, അഭിനന്ദങ്ങൾ എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. കോവിഡ് കാലം അവസരമായി പ്രയോജനപ്പെടുത്താൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ചാഹൽ അത് അനുസരിച്ചുവെന്നും സെവാഗ് ട്വീറ്റിൽ പറയുന്നു.

വൃദ്ധന്റെ രൂപത്തിലുള്ള ചാഹലിന്റെ മീം പങ്കുവെച്ചാണ് രോഹിതിന്റെ അഭിനന്ദന ട്വീറ്റ്. 2050-ൽ നടക്കുന്ന ഐ.പി.എല്ലിൽ ചാഹൽ യുവതാരത്തോടൊപ്പം എന്ന കുറിപ്പോടു കൂടിയാണ് ഈ മീം രോഹിത് പങ്കുവെച്ചത്.