പുണെ: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏകദിനത്തില്‍ ഇന്ത്യയുടെ മികച്ച ഓപ്പണിങ് ജോഡിയാണ് രോഹിത് ശര്‍മ - ശിഖര്‍ ധവാന്‍ ഓപ്പണിങ് സഖ്യം. 

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കാന്‍ ഈ ഓപ്പണിങ് സഖ്യത്തിനായിരുന്നു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 14.4 ഓവറില്‍ 103 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 

രോഹിത് - ധവാന്‍ ഓപ്പണിങ് സഖ്യത്തിന്റെ 17-ാം സെഞ്ചുറി കൂട്ടുകെട്ടായിരുന്നു ഞായറാഴ്ചത്തേത്. ഇതോടെ ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് - മാത്യു ഹെയ്ഡന്‍ കൂട്ടുകെട്ടിന്റെ സെഞ്ചുറി റെക്കോഡ് മറികടക്കാനും ഇന്ത്യന്‍ ജോഡിക്കായി. 

സച്ചിന്‍ തെണ്ടുല്‍ക്കര്‍ - സൗരവ് ഗാംഗുലി സഖ്യത്തിനു (26) ശേഷം ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ക്കുന്ന രണ്ടാമത്തെ ഓപ്പണിങ് സഖ്യമെന്ന നേട്ടവും രോഹിത് - ധവാന്‍ ജോഡി സ്വന്തമാക്കി.

2013 ചാമ്പ്യന്‍സ് ട്രോഫി മുതലാണ് രോഹിത്തും ധവാനും ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യാനാരംഭിച്ചത്. ആ ചാമ്പ്യന്‍സ് ട്രോഫി കിരീടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Content Highlights: Rohit Sharma-Shikhar Dhawan surpass Adam Gilchrist-Matthew Hayden duo