ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയിരിക്കുകയാണ് ഓപ്പണര്‍ രോഹിത് ശര്‍മ.

ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ചുറി കുറിച്ച രോഹിത് 231 പന്തുകള്‍ നേരിട്ട് രണ്ടു സിക്‌സും 18 ഫോറുമടക്കം 161 റണ്‍സെടുത്താണ് പുറത്തായത്. 

മൂന്നിന് 86 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ച ശേഷമാണ് ഹിറ്റ്മാന്‍ മടങ്ങിയത്. 

ഐ.സി.സിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രോഹിത്തിന്റെ നാലാം സെഞ്ചുറിയാണിത്. അഞ്ചു സെഞ്ചുറികളുമായി ഓസ്‌ട്രേലിയന്‍ താരം മാര്‍നസ് ലബുഷെയ്‌നാണ് രോഹിത്തിന് മുന്നിലുള്ളത്. 

അതേസമയം ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്ക്‌സ്, ഓസീസ് താരം സ്റ്റീവ് സ്മിത്ത്, പാകിസ്താന്‍ താരം ബാബര്‍ അസം എന്നിവര്‍ക്കും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നാലു സെഞ്ചുറികള്‍ വീതമുണ്ട്. ഇക്കൂട്ടത്തില്‍ രോഹിത്തിനും സ്‌റ്റോക്ക്‌സിനുമാണ് ലബുഷെയ്‌നിന്റെ അഞ്ചു സെഞ്ചുറികളെന്ന നേട്ടം പിന്നിടാന്‍ അവസരമുളളത്. 

വെറും ഒമ്പത് ടെസ്റ്റുകളിലെ 13 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത് നാലു സെഞ്ചുറികള്‍ സ്വന്തമാക്കിയിരിക്കുന്നത്. 71.33 ശരാശരിയില്‍ 856 റണ്‍സാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രോഹിത്തിന്റെ സമ്പാദ്യം. 

15 മത്സരങ്ങളിലെ 26 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്റ്റോക്ക്‌സ് നാലു സെഞ്ചുറികള്‍ സ്വന്തമാക്കിയത്.

Content Highlights: Rohit Sharma hits 4th century in icc test championship