റോജര്‍ ഫെഡറര്‍ കൈവരിക്കാത്തതായി ഒന്നുമില്ല കോര്‍ട്ടില്‍. ലോക ഒന്നാം റാങ്ക്, ഇരുപത് ഗ്രാന്‍സ്ലാം.... കോര്‍ട്ടില്‍ നേട്ടങ്ങള്‍ വെട്ടിപ്പിടിച്ചുകൊണ്ടുള്ള യാത്രയ്ക്കിടെ ഫെഡ് എക്‌സ്പ്രസിന് ഒരു കുഞ്ഞുമോഹം. ഒരു സിനിമ കാണണം. ഒരു ബോളിവുഡ് ക്ലാസിക്ക് ആയാലോ എന്നൊരു ചിന്ത.

പോരേ പൂരം. ടെന്നിസ്, ബോളിവുഡ് ആരാധകര്‍ നിര്‍ദേശങ്ങള്‍ കൊണ്ട് മൂടാന്‍ ഏറെ താമസിക്കേണ്ടിവന്നില്ല.

ബുധനാഴ്ചയാണ് ഫെഡറര്‍ ട്വിറ്ററിലൂടെ  ഒരു സിനിമ കാണാനുള്ള മോഹം അറിയിച്ചത്. ഒരു ബോളിവുഡ് ക്ലാസിക്കായാലോ എന്ന് സംശയിച്ചുകൊണ്ട് രണ്ടാമതൊരു ട്വീറ്റുമുണ്ട്.

ബാഹുബലിയാവട്ടെ എന്നായിരുന്നു വലിയൊരു വിഭാഗത്തിന് നിര്‍ദേശിക്കാനുണ്ടായിരുന്നത്. ചിലര്‍ ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗെയും മറ്റു ചിലര്‍ ഷോലെ, ദീവാര്‍, ഹേര ഫേരി, ലഗാന്‍, ത്രീ ഇഡിയറ്റ്‌സ് തുടങ്ങിയവയും ശുപാര്‍ശ ചെയ്തു. ജോധ അക്ബര്‍, ദംഗല്‍, സ്ലം ഡോഗ് മില്ല്യണര്‍ എന്നീ ചിത്രങ്ങള്‍ കാണാനും കാര്യകാരണസഹിതം ചിലര്‍ നിര്‍ദേശിച്ചു. ഫെഡററുടെ ഡ്യൂപ്പായി വിശേഷിപ്പിക്കപ്പെടുന്ന അര്‍ബാസ് ഖാന്റെ 'ദരാര്‍' പോസ്റ്റര്‍ സഹിതം നിര്‍ദേശിച്ച രസികന്മാരുമുണ്ട്. ഫെഡററുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം എന്നാണ് ദരാറിന് കൊടുത്ത വിശേഷണം.

ചിരവൈരി റാഫേല്‍ നദാലുമായുള്ള ക്ലാസിക് പോരാട്ടങ്ങള്‍ തന്നെ ഒരു ചെറു സിനിമയല്ലെ എന്ന് സംശയം പ്രകടിപ്പിച്ചവരുമുണ്ടായിരുന്നു. ഈ മത്സരങ്ങളുടെ ചെറു വീഡിയോകള്‍ ഒന്നു കാണാന്‍ നിര്‍ദേശിച്ചുകൊണ്ട് അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. നദാലിനെതിരായ വിംബിള്‍ഡണ്‍ വിജയം തന്നെ മൂന്ന് മണിക്കൂറും 38 മിനിറ്റും ദൈര്‍ഘ്യമുള്ള  എന്റെ ഫേവറിറ്റ് സിനിമാണെന്നും പറഞ്ഞവരുണ്ട്. 

tweet

ഫെഡറര്‍ ഏത് പടമാണ് തിരഞ്ഞെടുത്തതെന്ന് ഉറപ്പില്ല. സംഭവം ഏതായാലും ട്വിറ്ററില്‍ വലിയ ആഘോഷമായി.

Content Highlights: Roger Federer,  Bollywood movie, Rafael Nadal