ലണ്ടന്‍: കഴിഞ്ഞ 12 മാസത്തെ കണക്കിൽ കായിക ലോകത്ത് ഏറ്റവുമധികം പ്രതിഫലം നേടിയ കായികതാരമായി സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍.

ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയില്‍ ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരെ പിന്തള്ളിയാണ് ഫെഡറര്‍ ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ തവണ മെസ്സിയായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. ഇത്തവണ രണ്ടു സ്ഥാനം നഷ്ടപ്പെട്ട മെസ്സി മൂന്നാമതായി.

106.3 ദശലക്ഷം ഡോളര്‍ (ഏകദേശം 803 കോടി രൂപ) ആണ് ഫെഡറര്‍ക്ക് പ്രതിഫലമായി കഴിഞ്ഞവര്‍ഷം ലഭിച്ചത്. സമ്മാനത്തുക, മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ്, കായികേതര വരുമാനം എന്നിവ ഇതില്‍പ്പെടും. ഫോബ്സ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ടെന്നീസ് താരമാണ് ഫെഡറര്‍.

105 ദശലക്ഷം ഡോളര്‍ ( ഏകദേശം 793 കോടി രൂപ)  പ്രതിഫലമായി ലഭിച്ച പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്. 104 ദശലക്ഷം ഡോളറുമായി (ഏകദേശം 785 കോടി രൂപ) അര്‍ജന്റീനയുടെ ലയണല്‍ മെസ്സി മൂന്നാമതുണ്ട്. 95.5 ദശലക്ഷം ഡോളറുമായി (ഏകദേശം 721 കോടി)  ബ്രസീല്‍ താരം നെയ്മര്‍  നാലാം സ്ഥാനത്താണ്.

കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളാണ് മെസ്സിക്കും റോണോയ്ക്കും തിരിച്ചടിയായത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ലബ്ബുകള്‍ ഇരുവരുടെയും പ്രതിഫലം വെട്ടിക്കുറച്ചിരുന്നു.

35 ബാസ്‌ക്കറ്റ് ബോള്‍ താരങ്ങളാണ് ഫോബ്സിന്റെ പട്ടികയില്‍ ആദ്യ 100 സ്ഥാനങ്ങളിലുള്ളത്. ഫുട്‌ബോളില്‍ നിന്ന് 14 പേരും ആറുപേരുമുണ്ട്. ക്രിക്കറ്റില്‍ നിന്ന് ഈ പട്ടികയില്‍ ഒരാള്‍ മാത്രമേയുള്ളൂ, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കോലി നിലവിലല്‍ 66-ാം സ്ഥാനത്താണ്.

Content Highlights: Roger Federer become 1st tennis player to top Forbes highest-paid athletes list