ന്യൂഡല്‍ഹി: 2007 ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ ഗ്രൂപ്പ് മത്സരത്തിലെ ബൗള്‍ ഔട്ട് ഓര്‍മകള്‍ പങ്കുവെച്ച് ടീം അംഗമായിരുന്ന റോബിന്‍ ഉത്തപ്പ. ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു അത്. നിശ്ചിത ഓവറില്‍ ഇരു ടീമുകളും 141 റണ്‍സ് വീതം നേടിയതോടെയാണ് മത്സരം ബൗള്‍ ഔട്ടിലേക്ക് നീണ്ടത്.

ഇന്ത്യയുടെ മൂന്ന് പന്തുകളും വിക്കറ്റില്‍ കൊണ്ടപ്പോള്‍ പാകിസ്താന് ഒന്നു പോലും ലക്ഷ്യത്തില്‍ കൊള്ളിക്കാന്‍ സാധിച്ചില്ല. 3-0നായിരുന്നു ഇന്ത്യയുടെ വിജയം. ഇപ്പോഴിതാ ഈ വിജയത്തിന്റെ ക്രെഡിറ്റ് അന്നത്തെ ക്യാപ്റ്റന്‍ എം.എസ് ധോനിക്കും ബൗളിങ് കോച്ച് വെങ്കിടേഷ് പ്രസാദിനും നല്‍കണമെന്നാണ് ഉത്തപ്പ പറയുന്നത്. ന്യൂസീലന്‍ഡ് താരം ഇഷ് സോധിയുമായുള്ള ലൈവിനിടെയാണ് ഉത്തപ്പ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയ്ക്കായി ഒരു റെഗുലര്‍ ബൗളര്‍ മാത്രമാണ് ബൗള്‍ ഔട്ടില്‍ പന്തെറിഞ്ഞത്, ഹര്‍ഭജന്‍ സിങ്. വീരേന്ദര്‍ സെവാഗ്, റോബിന്‍ ഉത്തപ്പ എന്നിവരായിരുന്നു പിന്നീട് എത്തിയത്. മൂന്നു പേരും ലക്ഷ്യം കണ്ടപ്പോള്‍ പാകിസ്താന് വേണ്ടി പന്തെറിഞ്ഞ യാസിര്‍ അറാഫത്ത്, ഉമര്‍ ഗുല്‍, ഷാഹിദ് അഫ്രിദി എന്നിവര്‍ക്ക് പിഴച്ചു.

''അന്ന് പാകിസ്താന്‍ വിക്കറ്റ് കീപ്പറില്‍ നിന്ന് വ്യത്യസ്തമായി ധോനി ഒരു കാര്യം ചെയ്തു. അദ്ദേഹം നേരെ വിക്കറ്റിന് തൊട്ടടുത്ത് നിന്നു. പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ (കമ്രാന്‍ അക്മല്‍) ഒരു വിക്കറ്റ് കീപ്പര്‍ സാധാരണയായി നില്‍ക്കുന്നിടത്ത് നില്‍ക്കുകയായിരുന്നു. എന്നാല്‍ എം.എസ് നേരെ സ്റ്റമ്പിനു പിന്നിലായിരുന്നു, അത് ഞങ്ങള്‍ക്ക് വളരെ എളുപ്പമാക്കി. ഞങ്ങള്‍ക്ക് എം.എസിന് നേരെ പന്തെറിഞ്ഞാല്‍ മതിയായിരുന്നു, അത് പന്ത് വിക്കറ്റില്‍ കൊള്ളിക്കാനുള്ള മികച്ച അവസരം നല്‍കി. അതാണ് ഞങ്ങള്‍ ചെയ്തത്'', ഉത്തപ്പ പറഞ്ഞു.

പലപ്പോഴും ബൗളിങ് സെഷനുകളില്‍ ബൗളിങ് കോച്ച് വെങ്കിടേഷ് പ്രസാദിന്റെ നേതൃത്വത്തില്‍ തങ്ങള്‍ ബൗള്‍ ഔട്ട് പരിശീലിച്ചിരുന്നുവെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി. കളിയുടെ എല്ലാ നിയമങ്ങളിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. അത്തരമൊരു സാഹചര്യത്തിനായി അദ്ദേഹം തങ്ങളെ ഒരുക്കുകയും ചെയ്തിരുന്നുവെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

Content Highlights: Robin Uthappa recalls T20 World Cup 2007 bowl out vs Pakistan MS Dhoni made it easier