ന്യൂഡല്‍ഹി: ഗ്ലാമറസായി വസ്ത്രം ധരിച്ചതിന്റെ പേരില്‍ പരിഹസിക്കപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന് പിന്തുണയുമായി റോബിന്‍ ഉത്തപ്പ. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഉത്തപ്പ ഇന്ത്യന്‍ ക്യാപ്റ്റനൊപ്പം നിന്നത്.

'ഇടുങ്ങിയ മനസ്സുള്ള ഒരു കൂട്ടം ആളുകള്‍ മിതാലി രാജിനോട് മോശമായ രീതിയിലാണ് പെരുമാറിയത്. ആളുകളുടെ ചിന്താഗതിയും സമീപനവും മാറ്റമില്ലാതെ തുടരുന്നത് എന്നെ നിരാശപ്പെടുത്തുന്നു.' മിതാലിയുടെ ചിത്രത്തോടൊപ്പം ഉത്തപ്പ ട്വീറ്റ് ചെയ്തു. 

കുട്ടൂകാരോടൊപ്പമുള്ള ഒരു പഴയ ചിത്രം മിതാലി നേരത്തെ  ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ആ ചിത്രത്തില്‍ മിതാലി ഗ്ലാമറസായിരുന്നു. ഇതാണ് ആളുകളെ ചൊടിപ്പിച്ചത്. ഇത്തരത്തില്‍ വസ്ത്രം ധരിക്കാന്‍ താങ്കള്‍ ഒരു പോണ്‍ സ്റ്റാറാണോ എന്നൊക്കെയായിരുന്നു സദാചാരവാദികളുടെ ചോദ്യം. 

അതിന് മുമ്പ് കക്ഷത്തിലെ വിയര്‍പ്പ് പറ്റിയ വസ്ത്രം ധരിച്ചതിന്റെ പേരിലും മിതാലി പരിഹസിക്കപ്പെട്ടിരുന്നു. ഇതിന് ചുട്ടമറുപടിയും ഇന്ത്യന്‍ ക്യാപ്റ്റന്‍ നല്‍കിയിരുന്നു.