മ്യൂണിക്ക്: ശനിയാഴ്ച ഓഗ്‌സ്ബര്‍ഗിനെതിരായ അവസാന ലീഗ് മത്സരത്തിന്റെ 90-ാം മിനിറ്റില്‍ ബയേണ്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ബൂട്ടില്‍ നിന്ന് പിറന്ന ഒരു ഗോള്‍ തിരുത്തിയെഴുതിയത് 49 വര്‍ഷക്കാലം ഇളകാതെ നിന്ന ഒരു ബുണ്ടസ്‌ലിഗ റെക്കോഡാണ്. 

സീസണില്‍ ലെവന്‍ഡോവ്‌സ്‌കി വലയിലെത്തിച്ച 41-ാമത്തെ ഗോളായിരുന്നു അത്. ഇതോടെ ഒരു ബുണ്ടസ്‌ലിഗ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന ഇതിഹാസ താരം ഗെര്‍ഡ് മുള്ളറുടെ റെക്കോഡ് ലെവന്‍ഡോവ്‌സ്‌കി തിരുത്തിയെഴുതി. 

1971-72 സീസണില്‍ 34 മത്സരങ്ങളില്‍ നിന്നാണ് ഗെര്‍ഡ് മുള്ളര്‍ 40 ഗോളുകള്‍ നേടിയത്. എന്നാല്‍ സീസണില്‍ കളിച്ച 29 മത്സരങ്ങളില്‍ നിന്നാണ് ലെവന്‍ഡോവ്‌സ്‌കി 41 ഗോളുകള്‍ തികച്ചത്.

ബുണ്ടസ്‌ലിഗയില്‍ ലെവന്‍ഡോവ്‌സ്‌കി നേടിയ ആകെ ഗോളുകളുടെ എണ്ണം 277 ആയി. നിലവില്‍ ബുണ്ടസ്‌ലിഗയിലെ ഓള്‍ടൈം സ്‌കോറര്‍മാരില്‍ രണ്ടാം സ്ഥാനത്താണ് ലെവന്‍ഡോവ്‌സ്‌കി. 365 ഗോളുകളുമായി ഗെര്‍ഡ് മുള്ളര്‍ തന്നെയാണ് ഇക്കാര്യത്തിലും മുന്നില്‍.

ക്ലബ്ബ് തലത്തില്‍ 15 വര്‍ഷം ബയേണ്‍ മ്യൂണിക്കിനു വേണ്ടിയും രാജ്യാന്തരതലത്തില്‍ പശ്ചിമ ജര്‍മനിക്കുവേണ്ടിയും കളിച്ചിരുന്ന മുള്ളര്‍ ലോകത്തെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്.

Content Highlights: Robert Lewandowski breaks Gerd Mueller s 49-year league scoring record