ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ഏഴു വിക്കറ്റിന് തോറ്റിരുന്നു. മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വിക്കറ്റിനു പിന്നില്‍ ഋഷഭ് പന്തിനു തന്നെ അവസരം കൊടുക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകുകയായിരുന്നു. 

എന്നാല്‍ ഞായറാഴ്ച പന്തിന് അത്ര നല്ല ദിവസമായിരുന്നില്ല. ആദ്യം മികച്ച രീതിയില്‍ ബാറ്റു ചെയ്യുകയായിരുന്നു ശിഖര്‍ ധവാന്റെ റണ്ണൗട്ടിനു കാരണക്കാരനായതിനു പിന്നാലെ ഇന്ത്യയ്ക്ക് ഒരു റിവ്യു നഷ്ടമാക്കിയതിനും പന്ത് കാരണക്കാരനായി.

ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 10-ാം ഓവറില്‍ സൗമ്യ സര്‍ക്കാരിന്റെ വിക്കറ്റിനായി ഡി.ആര്‍.എസ് എടുക്കാന്‍ പന്ത് രോഹിത്തിനെ നിര്‍ബന്ധിക്കുകയായിരുന്നു. സൗമ്യ സര്‍ക്കാര്‍ പന്ത് എഡ്ജ് ചെയ്‌തെന്നായിരുന്നു ഋഷഭിന്റെ വിലയിരുത്തല്‍. ഋഷഭിന്റെ ഉറപ്പിന്‍മേല്‍ രോഹിത് അമ്പയറുടെ തീരുമാനം പുനഃപരിശോധിച്ചു. എന്നാല്‍ അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് തെളിഞ്ഞു. ഇതോടെ ഇന്ത്യയ്ക്ക് ഏക റിവ്യു നഷ്ടമാകുകയും ചെയ്തു.

ഒരു ചിരിയോടെയാണ് ഈ സമയം രോഹിത് പന്തിനോട് പ്രതികരിച്ചത്. രോഹിത്തിന്റെ പ്രതികരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പന്തിന്റെ പിഴവുകള്‍ കൂടിയായതോടെ ധോനിയെ ടീമിലേക്ക് തിരിച്ചെടുക്കണമെന്ന വാദവും ശക്തമായി. 

ഈ സംഭവത്തിനു മുമ്പ് യൂസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ മുഷ്ഫിഖുര്‍ റഹീം വിക്കറ്റിനു മുന്നില്‍ കുടുങ്ങിയതായിരുന്നു. പക്ഷേ ഇതില്‍ കൃത്യമായ തീരുമാനമെടുക്കാനും പന്തിന് സാധിച്ചില്ല. ഉറപ്പായ വിക്കറ്റാണ് ഇതോടെ ഇന്ത്യയ്ക്ക് നഷ്ടമായത്. 43 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത മുഷ്ഫിഖുറായിരുന്നു ബംഗ്ലാദേശിന്റെ വിജയശില്‍പി.

Content Highlights: Rishabh Pant's DRS Gaffe and Rohit Sharma Reaction