മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞിട്ടും ഋഷഭ് പന്തിനുള്ള ട്രോളുകള്‍ തുടരുകയാണ്.  ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍ കുഞ്ഞുങ്ങളെ നോക്കാനായി ഋഷഭിനെ വീട്ടിലേക്ക് ക്ഷണിച്ചതിന് പിന്നാലെ ഇതിനെ ചുറ്റിപ്പറ്റിയാണ് രസകരമായ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇതില്‍ താരങ്ങളും പങ്കെടുക്കുന്നു എന്നതാണ് അതിലും രസകരം.

കഴിഞ്ഞ ദിവസം ടിം പെയ്‌ന്റെ ഭാര്യ ബോണി പെയ്ന്‍ കുഞ്ഞിനെ നോക്കാനായി ഋഷഭിനെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയും ഋഷഭിനെ ട്രോളി. അടുത്തിടെയാണ് രോഹിതിനും ഭാര്യ ഋതികയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. സമൈറ എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞിനെ നോക്കാന്‍ വീട്ടിലേക്ക് വരുന്നോ എന്നായിരുന്നു രോഹിത് ചോദിച്ചത്. കുട്ടികളെ നോക്കാന്‍ നിങ്ങള്‍ മിടുക്കനാണെന്ന് അറിയാം. ഇപ്പോള്‍ ഒരാളെ ആവശ്യമുണ്ട്. ഒരാളെ കിട്ടിയാല്‍ ഋതിക ഒരുപാട് സന്തോഷവതിയായിരിക്കും' ഇതായിരുന്നു രോഹിതിന്റെ ട്വീറ്റ്.

ഇതിന് മറുപടിയുമായി ഋഷഭ് രംഗത്തുവന്നു. 'ചേട്ടാ, ചാഹല്‍ അവന്റെ പണി കൃത്യമായി എടുക്കുന്നില്ലെന്ന് തോന്നുന്നു. എന്തായാലും സമൈറയെ നോക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ' ഋഷഭ് ട്വീറ്റ് ചെയ്തു.

 

 

Content Highlights: Rishabh Pant Pokes Fun At Yuzvendra Chahal After Rohit Sharma's Babysitting Offer