ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഡിആര്‍എസ് എടുക്കാന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ നിര്‍ബന്ധിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെ വീഡിയോ വൈറലായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിലെത്തിയപ്പോള്‍ ഡിആര്‍എസ് എടുക്കേണ്ട എന്ന് കോലിയോട് അഭ്യര്‍ഥിക്കുന്ന ഋഷഭ് പന്തിന്റെ വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. 

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ ജോ റൂട്ടിനെ പുറത്താക്കാനാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഡിആര്‍എസിലൂടെ ശ്രമമുണ്ടായത്. റൂട്ടിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയ ബൗളര്‍ മുഹമ്മദ് സിറാജ് അപ്പീല്‍ ചെയ്തു. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചില്ല. ഇതോടെ ഡിആര്‍എസ് എടുക്കാന്‍ കോലിയോട് സിറാജ് ആവശ്യപ്പെട്ടു. 

എന്നാല്‍ റിവ്യൂ എടുക്കേണ്ട എന്ന് പറഞ്ഞ് ക്യാപ്റ്റനെ തടയുകയാണ് ഋഷഭ് പന്ത് ചെയ്തത്. കോലിയെ ബോധ്യപ്പെടുത്താന്‍ ഋഷഭ് പന്ത് ശ്രമിക്കുന്നതും ഇതുകണ്ട് കോലി ചിരിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

ഒടുവില്‍ സിറാജിന്റെ തീരുമാനത്തിനൊപ്പം നിന്ന കോലി റിവ്യൂ ആവശ്യപ്പെട്ടു. പക്ഷേ ഋഷഭ് പന്ത് പറഞ്ഞതായിരുന്നു ശരി. പന്ത് ഓഫ് സ്റ്റമ്പിന് പുറത്താണ് പിച്ച് ചെയ്തതെന്ന് റിവ്യൂയില്‍ തെളിഞ്ഞു. ഇന്ത്യക്ക് വെറുതേ ഒരു ഡിആര്‍എസ് നഷ്ടമായി.

Content Highlights: Rishabh Pant Pleads With Virat Kohli To Turn Down Siraj's DRS Appeal India vs England Test Cricket