അഹമ്മദാബാദ്: മൊട്ടേരയിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ന് സാക്ഷാല്‍ പന്താട്ടമായിരുന്നു. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പം എത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ എന്ന് സംശയിച്ച ഘട്ടത്തില്‍ ഋഷഭ് പന്ത് പുറത്തെടുത്ത ഇന്നിങ്‌സാണ് ആതിഥേയരെ ലീഡിലെത്തിച്ചത്. 

കരിയറിലെ മൂന്നാം സെഞ്ചുറി കുറിച്ച പന്ത് 118 പന്തില്‍ നിന്ന് രണ്ടു സിക്‌സും 13 ഫോറുമടക്കം 101 റണ്‍സെടുത്തു. ഇന്ത്യന്‍ മണ്ണില്‍ പന്തിന്റെ ആദ്യ സെഞ്ചുറിയായിരുന്നു ഇത്. 

സെഞ്ചുറിയോടെ 2021-ലെ ടെസ്റ്റിലെ റണ്‍വേട്ടയില്‍ സാക്ഷാല്‍ ഹിറ്റ്മാനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും പന്തിനായി. 764 റണ്‍സോടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാണ് 2021-ലെ റണ്‍വേട്ടയില്‍ ഒന്നാമന്‍. 2021-ല്‍ കളിച്ച  ആറ് ടെസ്റ്റില്‍ നിന്ന് ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയുമടക്കം 64.37 ശരാശരിയില്‍ 515 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. 

ഒരു ഘട്ടത്തില്‍ 146-ന് ആറ് എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ ഏഴാം വിക്കറ്റില്‍ 113 റണ്‍സ് കൂട്ടിച്ചേര്‍ത്ത പന്ത് - വാഷിങ്ടണ്‍ സുന്ദര്‍ സഖ്യമാണ് ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക് നയിച്ചത്. 

Content Highlights: Rishabh Pant grabs 2nd spot from Rohit Sharma for most Test runs in 2021