അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം സെഞ്ചുറി നേടി പുറത്തായ ഋഷഭ് പന്തിനെ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് മൊട്ടേരയിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലുണ്ടായിരുന്ന ഓരോരുത്തരും ഡ്രസ്സിങ് റൂമിലേക്ക് യാത്രയാക്കിയത്. 

ഇപ്പോഴിതാ ആ കൈയടികള്‍ പന്ത് അര്‍ഹിക്കുന്നതാണെന്ന് പറഞ്ഞ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍.

ടീം സമ്മര്‍ദത്തിലായപ്പോള്‍ ഒരു യുവാവില്‍ നിന്ന് കണ്ട ഏറ്റവും മികച്ച ഇന്നിങ്‌സാണ് ഇതെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.

ശരിയായ സമീപനത്തോടെയാണ് പന്ത് കളിച്ചതെന്ന് പറഞ്ഞ ലക്ഷ്മണ്‍ പുറത്താകുന്നതിന് മുമ്പ് അദ്ദേഹം ടീമിനായി തന്റെ ജോലി ഭംഗിയാക്കിയെന്നും കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദി സ്റ്റേഡിയത്തിനുള്ളിലെ ഓരോ വ്യക്തിയില്‍ നിന്നും ലഭിച്ച അംഗീകാരങ്ങള്‍ പന്ത് അര്‍ഹിക്കുന്നുവെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു. 

കരിയറിലെ മൂന്നാം സെഞ്ചുറി കുറിച്ച പന്ത് 118 പന്തില്‍ നിന്ന് രണ്ടു സിക്‌സും 13 ഫോറുമടക്കം 101 റണ്‍സെടുത്തു. ഇന്ത്യന്‍ മണ്ണില്‍ പന്തിന്റെ ആദ്യ സെഞ്ചുറിയായിരുന്നു ഇത്. 

ഒരു ഘട്ടത്തില്‍ 146-ന് ആറ് എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ ഏഴാം വിക്കറ്റില്‍ 113 റണ്‍സ് കൂട്ടിച്ചേര്‍ത്ത പന്ത് - വാഷിങ്ടണ്‍ സുന്ദര്‍ സഖ്യമാണ് ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക് നയിച്ചത്. 

Content Highlights: Rishabh Pant deserves that standing ovation says VVS Laxman