രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20 മത്സരം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂര്‍വസംഭവങ്ങളിലൊന്നിന് സാക്ഷിയായി. വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തപ്പോള്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. 

ഇതിനിടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ മണ്ടത്തരങ്ങള്‍ ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചു. സമീപകാലത്ത് പിഴവുകളുടെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് പന്ത്. കഴിഞ്ഞ മത്സരത്തിലും അതിന് മാറ്റമൊന്നും ഉണ്ടായില്ല. 

വിക്കറ്റ് കീപ്പിങ്ങിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും മറന്ന പന്ത് തുടക്കത്തില്‍ ഇന്ത്യയുടെ ഉറച്ച ഒരു വിക്കറ്റാണ് നഷ്ടപ്പെടുത്തിയത്. ബംഗ്ലാദേശ് ഇന്നിങ്സിലെ ആറാം ഓവറിലെ മൂന്നാം പന്ത്. യൂസ്​വേന്ദ്ര ചാഹലിന്റെ മൂന്നാം പന്തില്‍ ലിട്ടന്‍ ദാസ് ക്രീസ് വിട്ട് അടിക്കാന്‍ ശ്രമിച്ചു. പന്ത് ബാറ്റില്‍ത്തട്ടാതെ നേരെ ഋഷഭ് പന്തിന്റെ കൈയിലേക്ക്. പന്ത് ഈസിയായി പിടിച്ച് ഋഷഭ് സ്റ്റമ്പ് ചെയ്തു.

ഇന്ത്യന്‍ ടീം വിക്കറ്റ് ആഘോഷിക്കുന്നതിനിടെ അമ്പയര്‍മാര്‍ ഒരു കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചു. പന്ത് സ്റ്റമ്പ് കടന്നുപോകുന്നതിനുമുമ്പ് ഋഷഭ് കൈയിലാക്കിയിരുന്നു. മൂന്നാം അമ്പയറുടെ പരിശോധനയില്‍ ഇത് വ്യക്തമായതോടെ ലിട്ടന്‍ ദാസ് നോട്ടൗട്ടായി. പന്ത് മുമ്പില്‍ കയറിപ്പിടിച്ചതിന് നോബോള്‍ വിധിക്കുകയും ചെയ്തു.

എന്നാല്‍ ലിട്ടന്‍ ദാസിനെ പിന്നീട് പന്ത് തന്നെ റണ്ണൗട്ടാക്കി. പിന്നീട് 13-ാം ഓവറിന്റെ അവസാന പന്തിലും സമാനസംഭവം ആവര്‍ത്തിക്കേണ്ടതായിരുന്നു. ചാഹലിന്റെ പന്തില്‍ ഋഷഭ് സൗമ്യ സര്‍ക്കാറിനെ സ്റ്റമ്പ് ചെയ്തു. ഇത്തവണയും തീരുമാനം മൂന്നാം അമ്പയറിലേക്ക്. റിപ്ലേകളില്‍ പന്ത് സ്റ്റമ്പ് കടന്നുവെന്ന് വ്യക്തമായി. തലനാരിഴയ്ക്കാണ് അടുത്ത അബന്ധത്തില്‍ നിന്ന് പന്ത് രക്ഷപ്പെട്ടത്.

ബൗളര്‍ എറിയുന്ന പന്ത് വിക്കറ്റ് കടന്നുപോയതിനു ശേഷം മാത്രമേ വിക്കറ്റ് കീപ്പര്‍ പിടിക്കാവൂ എന്നാണ് നിയമം. അല്ലെങ്കില്‍ അമ്പയര്‍ക്ക് നോബോള്‍ വിളിക്കാം.

Content Highlights: Rishabh Pant commits schoolboy error