സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. 

ടെസ്റ്റില്‍ വിക്കറ്റിനു പിന്നില്‍ അതിവേഗം 100 ഇരകളെ തികയ്ക്കുന്ന താരമെന്ന റെക്കോഡാണ് പന്ത് സ്വന്തമാക്കിയത്. തന്റെ 26-ാം ടെസ്റ്റില്‍ നിന്നാണ് താരത്തിന്റെ ഈ നേട്ടം. മുഹമ്മദ് ഷമിയുടെ പന്തില്‍ ടെംബ ബവുമയുടെ ക്യാച്ചെടുത്തതിലൂടെയാണ് പന്ത് ഈ നേട്ടത്തിലെത്തിയത്.

92 ക്യാച്ചുകളും എട്ട് സ്റ്റമ്പിങ്ങുകളുമടക്കമാണ് പന്ത് വിക്കറ്റിനു പിന്നില്‍ സെഞ്ചുറി തികച്ചത്. 

ഇതോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെയും വൃദ്ധിമാന്‍ സാഹയുടെയും റെക്കോഡ് പന്തിനു മുന്നില്‍ വഴിമാറി.

ധോനി, സാഹ എന്നിവര്‍ 36 മത്സരങ്ങളില്‍ നിന്നാണ് 100 പേരെ പുറത്താക്കിയത്. കിരണ്‍ മോറെ 39 മത്സരങ്ങളില്‍ നിന്നും നയന്‍ മോംഗിയ 41 മത്സരങ്ങളില്‍ നിന്നും സയ്യീദ് കിര്‍മാനി 42 മത്സരങ്ങളില്‍ നിന്നുമാണ് 100 പേരെ പുറത്താക്കിയതിന്റെ നേട്ടം സ്വന്തമാക്കിയത്.

Content Highlights: Rishabh Pant became fastest wicketkeeper to 100 dismissals