മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന് പിറന്നത് 2003-ലെ ലോകകപ്പ് ഫൈനലിലായിരുന്നു. 2003 മാര്‍ച്ച് 23-ന് ജൊഹാനസ്ബര്‍ഗില്‍ നടന്ന ഫൈനലില്‍ 100 കോടി വരുന്ന ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയ ഇന്നിങ്‌സിലൂടെ ഓസീസ് ക്യാപ്റ്റന്‍ അവരുടെ മൂന്നാം ലോക കിരീടം സ്വന്തമാക്കി. സച്ചിന്റെ ബാറ്റില്‍ നിന്ന് ഉയര്‍ന്ന പന്ത് മഗ്രാത്തിന്റെ കൈയില്‍ വിശ്രമിക്കുന്നത് കണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ കണ്ണ് നിറഞ്ഞിട്ട് തിങ്കളാഴ്ച 17 വര്‍ഷം തികഞ്ഞു.

ഓസീസിന്റെ 2003-ലെ ലോകകപ്പ് വിജയത്തിന് 17 വയസ് തികഞ്ഞ വേളയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ അന്നത്തെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് പോണ്ടിങ്. 

''രണ്ടാമത്തെ ഡ്രിങ്ക്‌സ് ബ്രേക്കിന്റെ സമയത്ത് 15 ഓവര്‍ ബാക്കിനില്‍ക്കെ ഓസീസിന് രണ്ടു വിക്കറ്റ് മാത്രമേ നഷ്ടമായിട്ടുണ്ടായിരുന്നുള്ളൂ. ഡ്രിങ്ക്‌സുമായി വന്ന ടീമിലെ 12-ാമനോട് ഞാന്‍ പറഞ്ഞു, ടീമിനോട് തയ്യാറായി നില്‍ക്കാന്‍ പറയണം. ഇപ്പോള്‍ ഇവിടെ നിന്ന് ഞാന്‍ എന്നാലാവും വിധമെല്ലാം ചെയ്യാന്‍ പോകുകയാണ്. കാര്യങ്ങള്‍ വിചാരിച്ച പോലെ നടന്നാല്‍ നമ്മള്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തും. ഇന്നിങ്‌സ് മുഴുവന്‍ ബാറ്റ് ചെയ്ത് ഇന്ത്യന്‍ ടീമിനെതിരേ മുന്നൂറ് റണ്‍സ് നേടുന്നത് എന്നെ ഒട്ടും ആഹ്ലാദിപ്പിക്കില്ല'', പോണ്ടിങ് വ്യക്തമാക്കി. 

തനിക്കു പിന്നാലെ ഡാരന്‍ ലേമാന്‍, മൈക്കല്‍ ബെവന്‍, ആന്‍ഡ്രു സൈമണ്ട്‌സ് എന്നീ മികച്ച താരങ്ങള്‍ ബാറ്റിങ്ങിനെത്താനുണ്ടായിരുന്നുവെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടുന്നു.

അന്ന് വിരലിന് പരിക്കേറ്റിരുന്ന ഡാമിയന്‍ മാര്‍ട്ടിനെ കളിപ്പിച്ച കാര്യത്തെ കുറിച്ചും പോണ്ടിങ് വെളിപ്പെടുത്തി. ''മാര്‍ട്ടിനോട് ഞാന്‍ പറഞ്ഞു, എന്റെ കണ്ണില്‍ നോക്ക്, എന്നിട്ട് പറ നീ കളിക്കാന്‍ തയ്യാറല്ലേ? ഫൈനലില്‍ എനിക്ക് മാര്‍ട്ടിനെ കളിപ്പിക്കണമായിരുന്നു. മികച്ച കളിക്കാരനാണ് അദ്ദേഹം. പ്രത്യേകിച്ചും സ്പിന്നിനെ നന്നായി കളിക്കുന്ന താരം'', പോണ്ടിങ് പറയുന്നു.

അന്ന് ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഹൈഡനും ഗില്‍ക്രിസ്റ്റും വെറും 14 ഓവറില്‍ 105 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ തന്നെ കളി ഇന്ത്യയുടെ കൈയില്‍ നിന്ന് പോയിരുന്നു. പിന്നീട് ക്രീസിലെത്തിയ പോണ്ടിങ് 121 പന്തില്‍ നിന്ന് എട്ടു സിക്‌സും നാലു ഫോറുമടക്കം 140 റണ്‍സോടെ പുറത്താകാതെ നിന്നു. 84 പന്തുകള്‍ നേരിട്ട മാര്‍ട്ടിന്‍ 88 റണ്‍സുമെടുത്തു.

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സ് കുറിച്ച ഓസീസിനെതിരേ ഇന്ത്യ 39.2 ഓവറില്‍ 234 റണ്‍സിന് ഓള്‍ഔട്ടായി. 125 റണ്‍സ് ജയത്തോടെ കിരീടം ഓസീസിന്.