കാന്‍ബറ: കരിയറില്‍ താന്‍ നേരിട്ട ഏറ്റവും മികച്ച ഓവര്‍ ഏതെന്ന് വ്യക്തമാക്കി മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്.

2005 ആഷസ് പരമ്പരയിലെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ നേരിട്ട ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്റോഫിന്റെ ഓവറാണ് താന്‍ കരിയറില്‍ നേരിട്ട ഏറ്റവും മികച്ച ഓവറെന്ന് പോണ്ടിങ് ട്വിറ്ററില്‍ കുറിച്ചു.

ഇംഗ്ലണ്ട് ക്രിക്കറ്റ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച ഫ്‌ളിന്റോഫിന്റെ ഓവറിന്റെ വീഡിയോ ഷെയര്‍ ചെയ്താണ് പോണ്ടിങ് ഇക്കാര്യം പറഞ്ഞത്. 90 മൈല്‍ (144 കി.മീ) വേഗത്തില്‍ റിവേഴ്‌സ് സ്വിങ് ചെയ്ത പന്തുകളായിരുന്നു അവയെന്ന് പോണ്ടിങ് കുറിച്ചു.

ആ ഓവറില്‍ നോബോള്‍ അടക്കം നാലു പന്തുകളാണ് പോണ്ടിങ് നേരിട്ടത്. ഒരു പന്തു പോലും താരത്തിന് ആത്മവിശ്വാസത്തോടെ കളിക്കാനായിരുന്നില്ല. അവസാന പന്തില്‍ ഫ്‌ളിന്റോഫിന്റെ ലൈനും ലെങ്തും മനസിലാകാതെ ബാറ്റു വെച്ച പോണ്ടിങ് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്താകുകയും ചെയ്തു.

ആവേശകരമായ ആ ടെസ്റ്റില്‍ രണ്ടു റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. പരമ്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തു.

Content Highlights: Ricky Ponting reveals the best over he ever faced