ഏതൊരു റൊമാന്റിക് ബ്ലോക്ബസ്റ്ററിനെയും വെല്ലുന്ന ഹൃദയസ്പര്‍ശിയായ രംഗത്തിനാണ് കഴിഞ്ഞ ദിവസം മെല്‍ബണിലെ ഫ്രാങ്ക് ഹോളോഹാന്‍ റിസര്‍വ് സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്. മെല്‍ബണ്‍ സിറ്റിയും പെര്‍ത്ത് ഗ്ലോറിയും തമ്മിലുള്ള ലീഗ് മത്സരത്തിനുശേഷം മുന്‍ ഓസ്‌ട്രേലിയന്‍ വനിതാ ടീം സ്‌ട്രൈക്കര്‍ റാലി ഡോബ്‌സണ്‍ വനിതാ ലീഗില്‍ നിന്ന് വിരമിക്കുന്ന നിമിഷമായിരുന്നു അത്. എന്നാല്‍, ഇരുപത്തിയെട്ടാം വയസിലെ ഡോബ്‌സന്റെ വിടവാങ്ങല്‍ ചടങ്ങിനെ അവിസ്മരണീയമാക്കിയത് മറ്റൊന്നാണ്. വിരമിക്കല്‍ മത്സരത്തിനുശേഷം ഡോബ്‌സണ്‍ നേരെ ചെന്നത് കോര്‍ണര്‍ ഫ്‌ളാഗിനരികേ ഇരിപ്പുറപ്പിച്ച മാറ്റ് സ്‌റ്റോനമിനരികിലേയ്ക്കാണ്. ഡോബ്‌സണ്‍ അടുത്തെത്തിയപ്പോള്‍ സ്‌റ്റോനം കീശയില്‍ നിന്നൊരു കുഞ്ഞ് പെട്ടി പുറത്തെടുത്തു. അതില്‍ നിന്ന് ഒരു ചെറിയ മോതിരവും. പിന്നെ അത് തുറന്ന് മുട്ടുകുത്തി ഡോബ്‌സനോട് മനസ്സമ്മതം ചോദിച്ചു. കണ്ണീരടക്കാന്‍ പാടുപെട്ട് ഡോബ്‌സണ്‍ സമ്മതം മൂളിയത്. സ്‌റ്റോനം മുട്ടുകുത്തിനിന്ന് മോതിരം അണിയിക്കുന്നതിന് ടീമംഗങ്ങള്‍ ഒന്നടങ്കം സാക്ഷികളായിരുന്നു. മോതിരമണിഞ്ഞശേഷം ഡോബ്‌സണ്‍ പൊട്ടിക്കരഞ്ഞുകൊണ്ട് സ്‌റ്റോനമിനെ ആശ്ലേഷിക്കുമ്പോള്‍ സ്‌റ്റേഡിയം കളിക്കാരുടെ കരഘോഷം കൊണ്ട് നിറഞ്ഞു.
 
തലച്ചോറിലെ അര്‍ബുദത്തിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന മുന്‍ ഫുട്‌ബോള്‍ താരം കൂടിയായ സ്‌റ്റോനമിനുവേണ്ടിയാണ് ഡോബ്‌സണ്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിനോട് വിടപറയുന്നത്. കളി നിര്‍ത്തി സ്‌റ്റോനമിനൊപ്പം നില്‍ക്കാന്‍ ന്യൂസൗത്ത് വെയ്ല്‍സിലേയ്ക്ക് പോകാന്‍ ഒരുങ്ങുകയാണ് ഡോബ്‌സണ്‍. ഇയ്യിടെയാണ് സ്‌റ്റോനം തലച്ചോറില്‍ ഒരു വലിയ ശസ്ത്രക്രിയക്ക് വിധേയനായത്. ഇനി മെയ് വരെ റേഡിയോ തെറാപ്പിക്ക് വിധേയനാവാന്‍ പോവുകയാണ്. അതുകഴിഞ്ഞ് ഒരു കൊല്ലം കീമോതെറാപ്പി. ഇതിന് തുണയാവാനാണ് ഡോബ്‌സണ്‍ കളി നിര്‍ത്തി കൂടെ പോകുന്നത്. ആറു വര്‍ഷം മുന്‍പ് ഒരു മത്സരത്തിനിടെ ബോധരഹിതനായി വീണ സ്റ്റോനമിന് പിന്നീട് വിദഗ്ദ്ധ പരിശോധനയിലാണ് തലച്ചോറിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്.
 
 തന്റെ നൂറ്റിയൊന്‍പതാമത്തെ വനിതാ ലീഗ് മത്സരത്തിനുശേഷമാണ് ഡോബ്‌സണ്‍ ബൂട്ടഴിച്ചത്. അറുപത്തിമൂന്നാം മിനിറ്റില്‍ ഡോബ്‌സണ്‍ നേടിയ ഗോളിനാണ് സിറ്റി വിജയിച്ചത്.
 
Content Highlights: Rhali Dobson scores, retires then accepts marriage proposal from partner Undergoing cancer treatment