ഇംഫാൽ: റെക്‌സ് രാജ്കുമാര്‍ സിങ്ങിനെ അധികമാരും കേട്ടിരിക്കാന്‍ വഴിയില്ല. എന്നാല്‍, ഇനി മുതല്‍ റെക്‌സിനെ കേള്‍ക്കാതിരിക്കാനാവില്ല ക്രിക്കറ്റ് ആരാധകര്‍ക്ക്. ഇന്ത്യ കാലങ്ങളായി കാത്തിരിക്കുന്ന അവിശ്വസനീയമായ സ്വിങ് വിസ്മയമാണ് പത്തൊന്‍പതുകാരനായ ഈ ഇടങ്കൈ പേസര്‍. ഇര്‍ഫന്‍ പഠാന്റെ പിന്‍ഗാമിയെന്ന് പലരും വിശേഷിപ്പിക്കുന്ന റെക്‌സ് സത്യത്തില്‍ സ്വിങ്ങിന്റെയും പേസിന്റെയും കണിശതയുടെയും കാര്യത്തില്‍ ഇര്‍ഫനെയും കടത്തിവെട്ടുമെന്ന് ഈ വീഡിയോ തെളിയിക്കുന്നു.

ഫുട്‌ബോളിന്റെ ഈറ്റില്ലമായ മണിപ്പൂരില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജെഴ്സിയണിയുന്ന താരം എന്ന ഖ്യാതിയുമായാണ് റെക്‌സ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലംഗമായത്. എന്നാല്‍, ഈ നേട്ടമല്ല, ഇതിലേയ്ക്ക് നയിച്ച പ്രകടനത്തിന്റെ പേരിലാണ് റെക്‌സ് ഈ ലോകകപ്പ് കാലത്ത് വാര്‍ത്തകളില്‍ നിറയുന്നത്. കുച്ച് ബിഹാര്‍ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയാണ് റെക്‌സ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് കളിക്കുന്ന അണ്ടര്‍ 19 ടീമിലേയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. അന്ന് 9.5 ഓവർ എറിഞ്ഞ് വെറും പതിനൊന്ന് റൺസ് മാത്രം വിട്ടുകൊടുത്താണ് റെക്സ് മുഴുവൻ വിക്കറ്റുകളും പിഴുതത്. എതിർ ബാറ്റ്സ്മാന്മാർക്ക് യാതൊരു പിടിയും കിട്ടിയിരുന്നില്ല റെക്സിന്റെ സ്വിങ്ങിനെയും പേസിനെയും കുറിച്ച്.

ബി.സി.സി.ഐ. നേരത്തെ പങ്കുവച്ച അസൂയാവഹമായ സ്വിങ് കൊണ്ടുള്ള റെക്‌സിന്റെ ഈ അത്ഭുത പ്രകടനത്തിന്റെ ഒരു വീഡിയോ ഇപ്പോൾ വൻ തോതിൽ ഷെയർ ചെയ്യപ്പെടുകയാണ്.

ഒരു ട്രക്ക് ഡ്രൈവറുടെ മകനായി സഗൊബന്ദ് മൊയിരാങ് ഹനുബവ ഗ്രാമത്തില്‍ ജനിച്ച റെക്‌സ് പതിനൊന്നാം വയസ്സിലാണ് ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. കുടുംബത്തിന്റെ സാമ്പത്തികനില അത്ര ഭദ്രമല്ലെങ്കിലും മകന് ക്രിക്കറ്റ് കളിക്കാനുള്ള എല്ലാ സൗകര്യങ്ങളും കഷ്ടപ്പെട്ടിട്ടാണെങ്കിലും അച്ഛന്‍ ഉണ്ടാക്കിക്കൊടുത്തു.

റോഹെന്‍ഡ്രോ സിങ് എന്ന പരിശീലകനാണ് റെക്‌സിന്റെ സ്വിങ്ങിന്റെ സൗന്ദര്യം ആദ്യം തിരിച്ചറിഞ്ഞത്. റെക്‌സിന്റെ റിസ്റ്റ് പൊസിഷനെല്ലാം ശരിയാക്കിയത് ഈ പരിശീലകനാണ്. 

വിജയ് ഹസാരെ ട്രോഫിയിലാണ് ആദ്യമായി മണിപ്പൂരിനുവേണ്ടി കളിച്ചത്. കഴിഞ്ഞ സീസണില്‍ രഞ്ജിയിലും അരങ്ങേറി. വിനു മങ്കാഡ് ട്രോഫി മേഖലാ മത്സരത്തിലെ ഏറ്റവും വലിയ വിക്കറ്റ്‌വേട്ടക്കാരനാണ് റെക്‌സ്. പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകളാണ് റെക്‌സ് തന്റെ സ്വിങ് കൊണ്ട് വീഴ്ത്തിയത്. കുച്ച് ബിഹാര്‍ ട്രോഫിയിലെ പെയര്‍ഫെക്റ്റ് ടെന്നോടെ ദേശീയ സെലക്ടര്‍മാരുടെ കണ്ണിലുടക്കുകയും ചെയ്തു.

ഇനി തന്റെ സീനിയര്‍ സെലക്ടര്‍മാരുടെ കണ്ണില്‍ പെടാന്‍ എത്രകാലം വേണ്ടിവരും എന്നതു മാത്രമാണ് ചോദ്യം. എന്തു കൊണ്ടാണ് റെക്‌സിനെ ദേശീയ സീനിയര്‍ ടീമിലേയ്ക്ക് പരിഗണിക്കാത്തതെന്ന് ഇപ്പോള്‍ തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഇനി മൂന്നോ നാലോ കൊല്ലം കഴിഞ്ഞ് പേസും സ്വിങ്ങുമെല്ലാം ലോകം പഠിച്ചുകഴിഞ്ഞുവേണോ ഈ താരത്തിന് അവസരം കൊടുക്കാനെന്ന് രോഷത്തോടെ സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. സെലക്ടര്‍മാര്‍ ഉഴപ്പിയില്ലെങ്കില്‍ ഇന്ത്യന്‍ പേസിന്റെ ഭാവി ഈ പത്തൊന്‍പതുകാരനില്‍ സുരക്ഷിതമാണെന്ന് ബി.സി.സി. ഐ.യുടെ ഈ വീഡിയോ തെളിയിക്കും.

Content Highlights: Rex Rajkumar Singh Left Arm Swing Bowler Manipur Cricketer Indian Pace Bowler World Cup