മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കുന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ബുംറയ്ക്ക് അവധി നല്‍കി എന്നാണ് കഴിഞ്ഞ ദിവസം ബി.സി.സി.ഐ. അറിയിച്ചത്. 

ബുംറയ്ക്ക് പരിക്കാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും തുടർ​​​ച്ചയായി മത്സരങ്ങള്‍ വരുന്നതിനാല്‍ നാലാം ടെസ്റ്റില്‍നിന്ന് അദ്ദേഹത്തിന് വിശ്രമം നല്‍കുകയായിരുന്നുവെന്നുമാണ് ബി.സി.സി.ഐ. വൃത്തങ്ങള്‍ വ്യക്തമാക്കിയത്. 

എന്നാലിപ്പോഴിതാ ബുംറ വിവാഹിതനാകാന്‍ പോകുകയാണെന്നും അതിനു വേണ്ടിയാണ് അവധിയെടുത്തതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വിവാഹിതനാകാന്‍ പോകുന്നതായി ബുംറ ബി.സി.സി.ഐയെ അറിയിച്ചിട്ടുണ്ടെന്നും അതിനുള്ള തയ്യാറെടുപ്പിനായാണ് അവധി ആവശ്യപ്പെട്ടതെന്നുമാണ് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജോലിഭാരം ശരിയായി കൈകാര്യം ചെയ്യുന്നതിനായി ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന അഞ്ച് ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. 

കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ കളിക്കാര്‍ക്ക് വീട്ടില്‍ പോകാനോ കുടുംബത്തോടൊപ്പം സമയം ചെലവിടാനോ കഴിയുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പര കഴിഞ്ഞാല്‍ വീണ്ടും ഐ.പി.എല്‍. തുടങ്ങും. തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനവും അതുകഴിഞ്ഞാല്‍ ട്വന്റി 20 ലോകകപ്പും നടക്കും.

Content Highlights: Reports says Jasprit Bumrah has taken leave to prepare for marriage