.പി.എല്‍ പുതിയ സീസണിനുള്ള ഒരുക്കത്തിലാണ് ടീമുകള്‍. എം.എസ് ധോനിയുടെ തിരിച്ചുവരവാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രതീക്ഷയോടെ കാത്തിരിക്കുന്നതെങ്കില്‍ ക്യാപ്റ്റന്‍ വിരാട് കോലിയില്‍ വിശ്വാസമര്‍പ്പിച്ചാണ് ഇത്തവണയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കളത്തിലിറങ്ങുന്നത്.

കഴിഞ്ഞ ദിവസം ധോനിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരു ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഐ.പി.എല്ലിന്റെ പുതിയ പരസ്യം ധോനി കാണുന്നതാണ് ഈ ട്വീറ്റിലെ ചിത്രത്തിലുള്ളത്. ഇതിന് പിന്നാലെ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൂട്ടുപ്പിടിച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ട്വീറ്റുമെത്തി.

അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ ട്രംപ് നടത്തിയ പ്രസംഗത്തില്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറുടേയും വിരാട് കോലിയുടേയും പേര് പരാമര്‍ശിച്ചിരുന്നു. ഇതില്‍ കോലിയുടെ പേര് പരാമര്‍ശിക്കുന്ന ഭാഗം എഡിറ്റ് ചെയ്ത് പുതിയ വീഡിയോയാക്കി ട്വീറ്റ് ചെയ്തിരിക്കുകയാണ് ആര്‍സിബി. മിസ്റ്റര്‍ പ്രസിഡന്റ്, ആര്‍സിബിയുടെ തുറുപ്പുചീട്ട് ആരാണെന്ന് ഒരു ആരാധകന്‍ ചോദിക്കുമ്പോള്‍ ട്രംപ് വിരാട് കോലി എന്നു പറയുന്ന തരത്തിലാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. 

നേരത്തെ സച്ചിന്റേയും കോലിയുടേയും പേരുകള്‍ തെറ്റായി ഉച്ചരിച്ചതിനെ തുടര്‍ന്ന് ട്രംപിനെ പരിഹസിച്ച് നിരവധി വീഡിയോകള്‍ പുറത്തുവന്നിരുന്നു. സച്ചിനെ സൂച്ചിന്‍ എന്നും വിരാടിനെ വിരോട് എന്നുമാണ് ട്രംപ് ഉച്ചരിച്ചത്. 

Content Highlights: RCB turns Donald Trump’s speech into a funny meme