മുംബൈ: മേയ് നാലിന് നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എല്‍ മത്സരത്തിനിടെ ക്യാമറക്കണ്ണിലുടക്കിയ ആ പെണ്‍കുട്ടിയെ ഓര്‍മയില്ലേ? ഏതാനും നിമിഷങ്ങള്‍ മാത്രമാണ് സ്‌ക്രീനില്‍ തെളിഞ്ഞതെങ്കിലും ചുവന്ന വസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടി ക്രിക്കറ്റ് ആരാധകരുടെ കണ്ണിലുടക്കി. ഒരൊറ്റ നിമിഷം കൊണ്ടൊരു വൻ താരമായി.

കടുത്ത റോയല്‍ ചലഞ്ചേഴ്‌സ് ആരാധികയായ പെണ്‍കുട്ടി കൊടി വീശിയും നൃത്തം ചെയ്തും ഗാലറിയില്‍ ആവേശം തീര്‍ത്തപ്പോള്‍ സ്‌റ്റേഡിയത്തിലെ ക്യാമറ അത് ഒപ്പിയെടുക്കുകയായിരുന്നു. ബാംഗ്ലൂരിന്റെ വിജയത്തിനു ശേഷം ആ പെണ്‍കുട്ടി സ്റ്റേഡിയം വിട്ടെങ്കിലും ആരാധകര്‍ സൈബര്‍ ഇടങ്ങളില്‍ ആരാധകര്‍ അവരെ തേടിയിറങ്ങി. ഒടുവില്‍ ആളെ കണ്ടെത്തുകയും ചെയ്തു. 

അങ്ങനെ ആ ഒരൊറ്റ രാത്രികൊണ്ട് ദീപിക ഘോസെ എന്ന മുംബൈ സ്വദേശിനി സോഷ്യല്‍ മീഡിയയില്‍ താരമായി. എന്നാല്‍ അപ്രതീക്ഷിതമായി കൈവന്ന ആ പ്രശസ്തി ദീപികയ്ക്ക് ഇപ്പോള്‍ തലവേദന സമ്മാനിക്കുകയാണ്.

കടുത്ത അധിക്ഷേപങ്ങള്‍ക്കും കൊടിയ മാനസിക പീഡനങ്ങള്‍ക്കുമാണ് താനിപ്പോള്‍ ഇരയായിക്കൊണ്ടിരിക്കുന്നതെന്ന് ദീപിക തന്നെ തുറന്നുപറയുന്നു. തീര്‍ത്തും അപരിചിതരായ ആളുകള്‍ വളരെ മോശമായാണ് പെരുമാറുന്നതെന്നും ദീപിക ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

''ഞാനൊരു സെലബ്രിറ്റിയല്ല, മത്സരം ആസ്വദിച്ച സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി മാത്രമായിരുന്നു. ടിവിയില്‍ മുഖം വരണമെന്ന ആഗ്രഹത്തോടെ ഒന്നും തന്നെ ഞാന്‍ ചെയ്തിട്ടില്ല. ആളുകള്‍ എങ്ങനെയാണ് എന്റെ പേരും പ്രൊഫൈലുകളും കണ്ടെത്തിയതെന്ന കാര്യത്തില്‍ ഞാന്‍ ആശയക്കുഴപ്പത്തിലാണ്. എന്റെ ജീവിതം ഒറ്റനിമിഷം കൊണ്ട് ഹാക്ക് ചെയ്യപ്പെട്ട പോലെയാണ് തോന്നിയത്'' - ദീപിക പറയുന്നു.

സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ ദീപിക അതേസമയം രാത്രി വൈകി പലരും മോശമായ തരത്തിലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇടപെടുന്നതെന്നും ചൂണ്ടിക്കാട്ടി. 

നിരവധി പുരുഷന്മാരാണ് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത്. എന്നാല്‍ അതിലും ഞെട്ടിച്ചത് സ്ത്രീകളുടെ പ്രതികരണങ്ങളായിരുന്നു. എന്നെ അറിയാത്തവര്‍ ക്രൂരമായ കാര്യങ്ങളാണ് തന്നെപ്പറ്റി പറയുന്നതെന്നും ദീപിക വ്യക്തമാക്കി.

Content Highlights: rcb girl opens up about the abuse trauma and mental torture