ക്രൈസ്റ്റ്ചര്‍ച്ച്: ലോക ക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണെന്ന് ഒരിക്കല്‍കൂടി രവീന്ദ്ര ജഡേജ തെളിയിച്ചു. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ജഡേജ പറന്നെടുത്തത് മത്സരത്തിലെ നിര്‍ണായ ക്യാച്ച്. മുന്‍നിരയും മധ്യനിരയും തകര്‍ന്നിട്ടും പിടികൊടുക്കാതിരുന്ന വാലറ്റത്തിന്റെ പ്രതിരോധം അവസാനിപ്പിക്കുന്നതായിരുന്നു ഈ ക്യാച്ച്.

കെയ്ല്‍ ജാമിസണെ കൂട്ടുപിടിച്ച് മികച്ച രീതിയില്‍ മുന്നേറുകയായിരുന്നു നീല്‍ വാഗ്നര്‍. ന്യൂസീലന്‍ഡ് ലീഡിലേക്ക് എന്ന് തോന്നിച്ച നിമിഷങ്ങളായിരുന്നു അത്. എന്നാല്‍ മുഹമ്മദ് ഷമിയെറിഞ്ഞ 72-ാം ഓവറിലെ അവസാന പന്തില്‍ കളി മാറി.

ഷമിയെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച വാഗ്നര്‍ പക്ഷേ ജഡേജയാണ് ഫീല്‍ഡറെന്ന കാര്യം മറന്നു. പറന്നുയര്‍ന്ന്‌ ഒറ്റക്കൈയുയര്‍ത്തി പന്ത് പിടിച്ചെടുത്ത് ജഡേജ നിലംതൊട്ടു. ഈ ക്യാച്ച് കണ്ട് കാണികള്‍ക്ക് വിശ്വസിക്കാനായില്ല.  41 പന്തില്‍ 21 റണ്‍സുമായി മുന്നേറുകയായിരുന്ന വാഗ്നര്‍ പുറത്ത്. പിന്നീട് ജാമിസണ്‍ കൂടി പുറത്തായതോടെ ന്യൂസീലന്‍ഡ് 235 റണ്‍സിന് ഓള്‍ഔട്ടായി. 

ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ബെന്‍ സ്റ്റോക്ക്‌സ്‌ എടുത്ത ഒറ്റകൈയന്‍ ക്യാച്ചിന് ശേഷം ഇത്രയും മനോഹരമായ ഒരു ക്യാച്ച് കണ്ടിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്യാച്ച് എന്നും ഇതിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നു.

Content Highlights: Ravindra Jadeja Catch To Remove Neil Wagner India vs New Zealand Test