ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുമായി തിളങ്ങിയ ആര്‍. അശ്വിന്‍ പുതിയൊരു റെക്കോഡും സ്വന്തമാക്കിയാണ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. 

ടെസ്റ്റില്‍ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ ഹര്‍ഭജന്‍ സിങ്ങിനെ മറികടന്ന് അശ്വിന്‍ രണ്ടാമതെത്തി.

രണ്ടാം ദിനം ബെന്‍ സ്റ്റോക്ക്‌സിനെ പുറത്താക്കി നാലാം വിക്കറ്റ് സ്വന്തമാക്കിയതോടെയാണ് നാട്ടില്‍ ഭാജിയുടെ 265 വിക്കറ്റുകളെന്ന നേട്ടം അശ്വിന്‍ മറികടന്നത്. 

ഇതോടെ നാട്ടില്‍ കളിച്ച 45 ടെസ്റ്റുകളില്‍ നിന്ന് അശ്വിന്റെ വിക്കറ്റ് നേട്ടം 267 ആയി. 23 അഞ്ചു വിക്കറ്റ് നേട്ടവും ആറ് 10 വിക്കറ്റ് നേട്ടവും ഇതില്‍ ഉള്‍പ്പെടുന്നു.

62 മത്സരങ്ങളില്‍ നിന്ന് 350 വിക്കറ്റുകള്‍ വീഴ്ത്തിയ മുന്‍ താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയാണ് ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരം. 25 അഞ്ചു വിക്കറ്റ് പ്രകടനങ്ങളും ഏഴ് 10 വിക്കറ്റ് നേട്ടവും ഉള്‍പ്പെടെയാണ് കുംബ്ലെയുടെ നാട്ടിലെ ഈ നേട്ടം.

Content Highlights: Ravichandran Ashwin surpasses Harbhajan Singh home soil wickets tally