അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റ് കൊണ്ടും ബോളുകൊണ്ടും മികച്ച ഫോമിലാണ് ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. 

മൊട്ടേരയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 400 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട അശ്വിന്‍ എട്ടു വിക്കറ്റ് അകലെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. 

എട്ടു വിക്കറ്റുകള്‍ കൂടി നേടിയാല്‍ ഇന്ത്യയ്ക്കായി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറെന്ന നേട്ടം അശ്വിന് സ്വന്തമാകും. 

പരമ്പരയില്‍ ഇതുവരെ 24 വിക്കറ്റും 176 റണ്‍സും അശ്വിന്‍ സ്വന്തമാക്കിയിട്ടുണ്ട്. 

അശ്വിന്‍ ഇതുവരെ 603 അന്താരാഷ്ട്ര വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട് (ടെസ്റ്റില്‍ 401, ഏകദിനത്തില്‍ 150, ട്വന്റി 2-യില്‍ 52). 610 വിക്കറ്റുകള്‍ നേടിയ (ടെസ്റ്റില്‍ 311, ഏകദിനത്തില്‍ 282, ട്വന്റി 20യില്‍ 17) സഹീര്‍ ഖാന്റെ നേട്ടമാണ് അശ്വിന്‍ മറികടക്കാനൊരുങ്ങുന്നത്. 

956 അന്താരാഷ്ട്ര വിക്കറ്റുകളുമായി (ടെസ്റ്റില്‍ 619, ഏകദിനത്തില്‍ 337) അനില്‍ കുംബ്ലെയാണ് ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍. 711 വിക്കറ്റുകളുമായി (ടെസ്റ്റില്‍ 417, ഏകദിനത്തില്‍ 269, ട്വന്റി 20യില്‍ 25) ഹര്‍ഭജന്‍ സിങ്ങാണ് പട്ടികയില്‍ രണ്ടാമത്. 687 വിക്കറ്റുകളുമായി (ടെസ്റ്റില്‍ 434, ഏകദിനത്തില്‍ 253) മുന്‍ താരം കപില്‍ ദേവാണ് മൂന്നാം സ്ഥാനത്ത്.

Content Highlights: Ravichandran Ashwin Eight Wickets Away From Another Landmark