രു റെക്കോഡ് ടെസ്റ്റ് വിജയത്തിന്റെ ലഹരിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ രവി ശാസ്ത്രി. എന്നാലിപ്പോള്‍ ട്വിറ്റര്‍ ആഘോഷിക്കുന്നത് ഇന്ത്യയുടെ പരമ്പര വിജയമല്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെയുള്ള ശാസ്ത്രിയുടെ ഒരു പോസാണ്.

കൈ രണ്ടും വശങ്ങളിലേയ്ക്ക് നീട്ടി ടൈറ്റാനിക്കിലെ ഡി കാപ്രിയോയുടെ ജാക്കിന്റെ വിഖ്യാത പോസിനോട് സാമ്യമുള്ള തരത്തിലാണ് ശാസ്ത്രിയുടെ നില്‍പ്. ഐ.സി.സി. തന്നെയാണ് അവരുടെ ഔദ്യോഗിക അക്കൗണ്ടില്‍ അടിക്കുറിപ്പ് ക്ഷണിച്ചുകൊണ്ട് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്.

tweet

അടിക്കുറിപ്പും കമന്റുകളും മാത്രമല്ല, മീമുകളുടെയും ഘോഷയാത്രയായിരുന്നു ഈ പോസ്റ്റിന് താഴെ. ഈ പടം ഫോട്ടോഷോപ്പിലിട്ട് ശരിക്കും ആഘോഷിച്ചു ശാസ്ത്രിയുടെ ആരാധകരും എതിരാളികളും ഒരുപോലെ.

ചിലര്‍ റോസായി ക്യാപ്റ്റന്‍ കോലിയുടെ മുഖം പിറകില്‍ പ്രതിഷ്ഠിച്ചപ്പോള്‍ ചിലര്‍ക്ക് ഷാരൂഖായിരുന്നു റോസിന്റെ സ്ഥാനത്ത്. മറ്റു ചിലര്‍ കൈയില്‍ വിസ്‌ക്കിക്കുപ്പിയാണ് സ്ഥാപിച്ചത്. ചിലര്‍ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമര്‍ പ്രതിമയുമായി ഉപമിച്ചപ്പോള്‍ വേറെ ചിലര്‍ക്ക് സാമ്യം തോന്നിയത് പാടത്തെ നോക്കുക്കുത്തിയോടാണ്.

ഇതാദ്യമായല്ല ശാസ്ത്രി സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ട്രോള്‍ ചെയ്യപ്പെടുന്നത്. നേരത്തെ ഏകദിന ലോകകപ്പിനിടെയെടുത്ത ഇന്ത്യന്‍ ടീമിന്റെ ചിത്രത്തില്‍ ശാസ്ത്രിയുടെ ഇരിപ്പിടത്തിന് താഴെ വിസ്‌ക്കിക്കുപ്പി വെട്ടിയൊട്ടിച്ച് വലിയ ചര്‍ച്ചയാക്കിയ വിരുതരുണ്ടായിരുന്നു.

tweet

ലോകകപ്പിനുശേഷമാണ് മുഖ്യപരിശീലകന്‍ എന്ന നിലയില്‍ ശാസ്ത്രിയുടെ കരാര്‍ ബി.സി.സി.ഐ. രണ്ടു വര്‍ഷത്തേയ്ക്ക് നീട്ടിക്കൊടുത്തത്. 2021ലെ ട്വന്റി 20 ലോകകപ്പ് വരെയാണ് ഈ നിയമനം. നേരത്തെ മൂന്ന് വട്ടം ഇന്ത്യയുടെ പരിശീലകനായിട്ടുള്ള ശാസ്ത്രിയുടെ പുതിയ കരാര്‍ കാലയളവില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. വെസ്റ്റിന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരകള്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ഇന്ത്യ തൂത്തുവാരുകയായിരുന്നു.

Content Highlights: Ravi Shastri's Titanic Pose In ICC Tweet Indian Cricket Team Virat Kohli