തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ കേരള പോലീസ് ഡ്രോണ്‍ ഉപയോഗിക്കുന്നത് വാര്‍ത്തയായിരുന്നു.

ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്താനായാണ് കേരള പോലീസ് ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തെ പലഭാഗങ്ങളിലും ഡ്രോണ്‍ ഉപയോഗിച്ച് നിയമലംഘകരെ പോലീസ് കണ്ടെത്തി പിടികൂടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കമന്റേറ്ററായിരുന്ന കാലത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ താരവുമായ രവി ശാസ്ത്രിയുടെ പ്രശസ്തമായ 'ട്രേസര്‍ ബുള്ളറ്റ്' പ്രയോഗം ഈ ക്യാമ്പെയ്‌നിന്റെ ഭാഗമായി ഉപയോഗിച്ചിരിക്കുകയാണ് കേരള പോലീസ്. ഇതിനോട് രവി ശാസ്ത്രി തന്നെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കേരള പോലീസിന്റെ ഈ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്.

ഷൂട്ട് ചെയ്ത  ഡ്രോണ്‍ ക്യാമറ ദൃശ്യങ്ങള്‍ കേരള പോലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മുന്‍പ് രവി ശാസ്ത്രി സഹ കമന്റേറ്റര്‍മാരെ തന്റെ പ്രശസ്തമായ 'ട്രേസര്‍ ബുള്ളറ്റ്' പ്രയോഗം പഠിപ്പിക്കുന്നതിന്റെ ഓഡിയോയാണ് ഈ ദൃശ്യങ്ങള്‍ക്ക് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്.

ഡ്രോണ്‍ കണ്ടതോടെ കൂട്ടത്തോടെ വെടിയുണ്ട കണക്കെയാണ് ആളുകള്‍ ഓടി രക്ഷപ്പെടുന്നത്. പലരും തലയില്‍ മുണ്ടിട്ടും മുഖം മറച്ചുമാണ് ഓടുന്നത്. പാടത്തും പറമ്പിലും കളിക്കുന്നവരും മറ്റുമാണ് ദൃശ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്.

Content Highlights: Ravi Shastri's famous Tracer Bullet Finds New Meaning In Kerala Police Campaign