സൂറത്ത്: കഴിഞ്ഞ ദിവസം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20-യുടെ ഫൈനലില്‍ വിജയികളെ നിശ്ചയിച്ചത് ഏറെ ആവേശകരമായ മത്സരത്തിനൊടുവിലായിരുന്നു. അവസാന പന്തു വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഒരു റണ്ണിന് തമിഴ്‌നാടിനെ തോല്‍പ്പിച്ച് കര്‍ണാടക കിരീടം സ്വന്തമാക്കുകയായിരുന്നു. കര്‍ണാടക നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തപ്പോള്‍ തമിഴ്‌നാടിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഫൈനല്‍ മത്സരത്തിനു ശേഷം ഏവരും ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത് അവസാന ഓവറിലെ തമിഴ്‌നാട് താരം ആര്‍. അശ്വിന്റെ മുഷ്ടി ചുരുട്ടിയുള്ള ആഹ്ലാദ പ്രകടനമാണ്. അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ കര്‍ണാടക താരം കൃഷ്ണപ്പ ഗൗതമിന്റെ ഓവറിലെ ആദ്യ രണ്ടു പന്തും ബൗണ്ടറിയടിച്ച ശേഷമാണ് അശ്വിന്‍ ഈ ആഘോഷത്തിന് മുതിര്‍ന്നത്. എന്നാല്‍ ഒടുവില്‍ തമിഴ്‌നാട് മത്സരം ഒരു റണ്ണിന് തോറ്റതോടെ സോഷ്യല്‍ മീഡിയയിലെങ്ങും അശ്വിന്‍ പരിഹാസം നേരിടുകയാണ്.

2016-ല്‍ ഇന്ത്യയില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ മുഷ്ഫിഖുര്‍ റഹീം നടത്തിയ ആഘോഷത്തോടാണ് പലരും അശ്വിനെ ഉപമിക്കുന്നത്. അന്ന് മുഷ്ഫിഖുര്‍, ഇന്ന് അശ്വിന്‍ എന്ന തരത്തില്‍ ട്രോളുകളും പ്രചരിക്കുന്നുണ്ട്. 

അവസാന ഓവറില്‍ തമിഴ്‌നാടിന് ജയത്തിലേക്ക് വേണ്ടിയിരുന്നത് 13 റണ്‍സ്. ക്രീസിലുണ്ടായിരുന്നത് ആര്‍.അശ്വിന്‍. സ്പിന്നര്‍ കൃഷ്ണപ്പ ഗൗതം എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ടു പന്തുകളും അശ്വിന്‍ ബൗണ്ടറിയിലെത്തിച്ചു. ഇതോടെ വിജയലക്ഷ്യം നാല് പന്തില്‍ അഞ്ച് റണ്‍സ്. മൂന്നാം പന്തില്‍ അശ്വിന് റണ്ണെടുക്കാനായില്ല. നാലാം പന്തില്‍ സിംഗിള്‍. അഞ്ചാം പന്തില്‍ മികച്ച ഫോമിലായിരുന്നു വിജയ് ശങ്കര്‍ റണ്ണൗട്ടായി. ഇതോടെ ഒരു പന്തില്‍ ജയത്തിലേക്ക് മൂന്നു റണ്‍സ് വേണമെന്ന സ്ഥിതിയായി. ക്രീസിലുണ്ടായിരുന്ന മുരുഗന്‍ അശ്വിന് നേടാനായതോ ഒരു റണ്‍ മാത്രം, കര്‍ണാടകയ്ക്ക് ഒരു റണ്‍ ജയം.

Content Highlights: Ravi Ashwin’s premature celebration like mushfiqur rahim