ചെന്നൈ: നാട്ടില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ടീം അംഗം ചേതേശ്വര്‍ പൂജാരയെ രസകരമായ ഒരു ചലഞ്ചിന് ക്ഷണിച്ചിരിക്കുകയാണ് സ്പിന്നര്‍ ആര്‍. അശ്വിന്‍.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ ഏതെങ്കിലും ഇംഗ്ലണ്ട് സ്പിന്നര്‍ക്കെതിരേ പൂജാര ക്രീസ് വിട്ടിറങ്ങി സ്‌കിസ് നേടിയാല്‍ താന്‍ പാതി മീശ വടിച്ച് കളിക്കാനിറങ്ങുമെന്നാണ് അശ്വിന്റെ വെല്ലുവിളി.

സ്വന്തം യൂട്യൂബ് ചാനലില്‍ ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോറുമൊത്തുള്ള സംഭാഷണത്തിനിടെയാണ് അശ്വിന്‍ പൂജാരയെ ചലഞ്ച് ചെയ്തിരിക്കുന്നത്. 

പൂജാര ഒരു സ്പിന്നര്‍ക്കെതിരേ ക്രീസ് വിട്ടിറങ്ങി സിക്‌സ് നേടുന്നത് നമുക്ക് എന്നെങ്കിലും കാണാന്‍ സാധിക്കുമോ എന്നായിരുന്നു റാത്തോറിനോട് അശ്വിന്റെ ചോദ്യം.

അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഒരിക്കലെങ്കിലും ബൗളറുടെ തലയ്ക്ക് മുകളിലൂടെ സിക്സ് അടിച്ചു നോക്കാന്‍ താന്‍ പൂജാരയോട് പറയുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന് അതൊന്നും ബോധ്യമായിട്ടില്ല. അതിനെ എതിര്‍ക്കാന്‍ വലിയ കാരണങ്ങളാണ് പൂജാര പറയുന്നത് എന്നായിരുന്നു റാത്തോറിന്റെ മറുപടി. 

ഇതോടെയാണ് അശ്വിന്‍ പൂജാരയെ ഒരു ഓപ്പണ്‍ ചലഞ്ചിന് വെല്ലുവിളിച്ചത്.

''ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ അദ്ദേഹം (പൂജാര) മോയിന്‍ അലിയോ മറ്റേത് സ്പിന്നറെ ആകട്ടെ, അവര്‍ക്കെതിരേ ക്രീസ് വിട്ടിറങ്ങി സിക്‌സ് നേടിയാല്‍ ഞാന്‍ എന്റെ പാതി മീശ വടിച്ച് കളിക്കാനിറങ്ങും. ഇതൊരു ഓപ്പണ്‍ ചലഞ്ചാണ്.'' - അശ്വിന്‍ പറഞ്ഞു.

ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമാണ് പൂജാര. നാട്ടിലായാലും വിദേശത്തായാലും ബാറ്റിങ് നിരയുടെ നട്ടെല്ലാണ് അദ്ദേഹം. ക്രീസില്‍ ഉറച്ചുനിന്ന് ടീമിന് മികച്ച അടിത്തറയൊരുക്കുന്ന താരം. അതിനാല്‍ തന്നെ റിക്‌സ് എടുത്ത് വമ്പന്‍ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കാറില്ല.

Content Highlights: Ravi Ashwin open challenge to Cheteshwar Pujara