കൊല്‍ക്കത്ത: ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലിലെത്തിയത്. കൗമാര താരം റാഷിദ് ഖാനായിരുന്നു ഹൈദരാബാദിന്റെ വിജയശില്‍പ്പി. 10 പന്തില്‍ 34 റണ്‍സ് അടിക്കുകയും മൂന്നു വിക്കറ്റ് നേടുകയും ചെയ്ത റാഷിദ് ഓള്‍റൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്.

മത്സരത്തിന് ശേഷം ഹൈദരാബാദ് ടീമംഗങ്ങള്‍ക്കായി ഹോട്ടലില്‍ ആഘോഷമൊരുക്കിയിരുന്നു. കേക്ക് മുറിച്ചും ഷാംപെയ്ന്‍ ഒഴുക്കിയുമായിരുന്നു ഈ ആഘോഷം. അതിനിടയില്‍ ഒരു താരം റാഷിദ് ഖാന് ഷാംപെയ്ന്‍ നീട്ടി. എന്നാല്‍ റാഷിദ് അത് വാങ്ങിയില്ല. ഇതിന്റെ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 

ഇസ്ലാം മതവിശ്വാസ പ്രകാരം മദ്യം നിഷിദ്ധമായതിനാലാണ് ഷാംപെയ്ന്‍ റാഷിദ് ഖാന്‍ നിരസിച്ചത്. വിശ്വാസത്തെ ബഹുമാനത്തോടെയാണ് റാഷിദ് കാണുന്നതെന്നും ക്രിക്കറ്റിനേക്കാള്‍ വലിയ ലഹരി ഇല്ലല്ലോ എന്നും ആരാധകര്‍ പറയുന്നു. 

Content Highlights: Rashid Khan refuses to touch champagne offered to him during the celebration