പനാജി: ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ തിങ്കളാഴ്ച വിവാഹിതനായിരുന്നു. മോഡലും സ്പോര്‍ട്സ് അവതാരകയുമായ സഞ്ജന ഗണേശനാണ് വധു. ഗോവയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് വിവാഹം നടന്നത്.

ബുംറ ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചതോടെ നിരവധിയാളുകളാണ് ദമ്പതികള്‍ക്ക് ആശംസയറിയിച്ച് രംഗത്തെത്തിയത്. ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍ എന്നിവരുള്‍പ്പെടെയുള്ള ബുംറയുടെ സഹതാരങ്ങളും മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവ്‌രാജ് സിങ്, ഹര്‍ഭജന്‍, സുരേഷ് റെയ്‌ന എന്നിവരും ബുംറയ്ക്ക് ആശംസയറിയിച്ച് രംഗത്തെത്തി.

എന്നാല്‍ ഇക്കൂട്ടത്തില്‍ ഏറ്റവും രസകരമായ ആശംസ ഐ.പി.എല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നായിരുന്നു.

'അഭിനന്ദനങ്ങള്‍, ഏപ്രില്‍ - മേയ് മാസങ്ങളില്‍ മാലദ്വീപ് അടിപൊളിയാണെന്നാണ് കേള്‍ക്കുന്നത്', എന്നായിരുന്നു രാജസ്ഥാന്‍ ദമ്പതികള്‍ക്ക് ആശംസയറിയിച്ച് ട്വിറ്ററില്‍ കുറിച്ചത്. 

Rajasthan Royals s congratulatory message to Jasprit Bumrah goes viral

ഐ.പി.എല്‍ നടക്കുന്ന മാസങ്ങളില്‍ മധുവിധുവിന്റെ പേരില്‍ ബുംറയെ മാറ്റിനിര്‍ത്താനുള്ള രാജസ്ഥാന്റെ ആശയം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ട്വിറ്ററിലൂടെയും മറ്റും നിരവധിയാളുകളാണ് എന്തും രസകരമായി അവതരിപ്പിക്കാനുള്ള രാജസ്ഥാന്‍ റോയല്‍സ് അഡ്മിന്റെ കഴിവിനെ പുകഴ്ത്തി രംഗത്തെത്തുന്നത്.

ഏപ്രില്‍ ഒമ്പത് മുതല്‍ മേയ് 30 വരെയാണ് ഐ.പി.എല്ലിന്റെ 14-ാം സീസണ്‍. 

മുന്‍പും രസകരമായ പോസ്റ്റുകളുടെ പേരില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്.

Content Highlights: Rajasthan Royals s congratulatory message to Jasprit Bumrah goes viral